
ദേശീയ ചിത്രരചനാ മത്സരം
കേന്ദ്ര സർക്കാരിന്റെ ഊർജ മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി സംഘടിപ്പിക്കുന്ന യു പി, ഹൈസ്‌കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായുള്ള ദേശീയ ചിത്രരചനാ മത്സരം 2025-ന്റെ സ്‌കൂൾതല രജിസ്ട്രേഷൻ ആരംഭിച്ചു. മത്സരത്തിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനായി സ്‌കൂളുകളാണ് രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടത്. കേരളത്തിൽ, എനർജി മാനേജ്‌മെന്റ് സെന്റർ – കേരള (EMC), എൻ.ടി.പി.സി. കായംകുളം എന്നിവർ സംയുക്തമായാണ് ഈ പരിപാടിക്ക് നേതൃത്വം നൽകുന്നത്.
ഈ വർഷത്തെ മത്സരാർത്ഥികൾക്ക് ചിത്രരചനക്കായി നൽകിയിട്ടുള്ള വിഷയങ്ങൾ ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നതാണ്: ‘Be a Star- Use BEE Star Appliances’ (സ്റ്റാർ ആകുക – ബി.ഇ.ഇ സ്റ്റാർ ഉപകരണങ്ങൾ ഉപയോഗിക്കുക), ‘Save Energy, Save Earth’ (ഊർജ്ജം സംരക്ഷിക്കുക, ഭൂമിയെ രക്ഷിക്കുക) എന്നിവയാണ് വിഷയങ്ങൾ.
വിദ്യാർത്ഥികളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടത്തുക ഗ്രൂപ്പ് എ വിഭാഗത്തിൽ 5, 6, 7 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കും ഗ്രൂപ്പ് ബി വിഭാഗത്തിൽ 8, 9, 10 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുമാണ് മത്സരിക്കാനാവുക.
വിവിധ ഘട്ടങ്ങളിലായി നടക്കുന്ന മത്സരത്തിനായി സ്‌കൂൾ തലത്തിൽ നിന്നുള്ള വിജയികളുടെ ലിസ്റ്റ് സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആണ്. സംസ്ഥാന തല മത്സരം നവംബർ 14-നും 25-നും ഇടയിൽ നടക്കും. ദേശീയ തല മത്സരം ഡിസംബർ 11-ന് നടക്കും. ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ 2025 ഡിസംബർ 14-നാണ് ദേശീയ തല മത്സര വിജയികളുടെ സമ്മാന വിതരണം.
സംസ്ഥാന തലത്തിൽ, ഒന്നാം സമ്മാനം 50,000, രണ്ടാം സമ്മാനം 30,000, മൂന്നാം സമ്മാനം 20,000 രൂപ എന്നിങ്ങനെയാണ്. കൂടാതെ 7,500 രൂപ വീതം 10 പേർക്ക് ആശ്വാസ സമ്മാനവും ലഭിക്കും.
ദേശീയ തലത്തിൽ, ഒന്നാം സമ്മാനം 1,00,000 രൂപ, ലാപ്‌ടോപ്പ്, സ്വർണ്ണ മെഡൽ എന്നിവയാണ്. കൂടാതെ രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപ, ലാപ്‌ടോപ്പ്, വെള്ളി മെഡലും മൂന്നാം സ്ഥാനക്കാർക്ക് 30,000, ലാപ്‌ടോപ്പ്, വെങ്കല മെഡലും നൽകും. ടാബ്‌ലെറ്റിനൊപ്പം 15,000 രൂപ വീതം 10 ആശ്വാസ സമ്മാനങ്ങളും ഉണ്ടാകും.
ഇത് കൂടാതെ, ദേശീയ വിജയികൾക്കും അവരുടെ മാതാപിതാക്കൾക്കും ഗുജറാത്തിലേക്ക് പൂർണ്ണമായും സ്പോൺസർ ചെയ്ത ഗൈഡഡ് ടൂർ ഒരു ബോണസായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി 8590619313, www.paintings.beeindia.gov.in.