വൈവിധ്യമാർന്ന അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇന്ത്യയെന്ന് പ്രകാശ് രാജ്
വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും വ്യാഖ്യാനങ്ങളും ചേർന്നതാണ് ഇന്ത്യയിലെ ജനാധിപത്യമെന്ന് സമാപന ചടങ്ങിൽ മുഖ്യാതിഥിയായ പ്രകാശ് രാജ് പറഞ്ഞു. പാർലമെന്റ് ആക്രമണം, മണിപ്പൂർ വിഷയങ്ങളിലും അത് പ്രകടമാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം ദൈവത്തെ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുന്നുണ്ട്. സംശുദ്ധ ആശയങ്ങൾക്ക് പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിനേയും എഴുത്തുകാരേയും തത്വചിന്തകരേയും കുറിച്ച് അഭിമാനമുണ്ടെന്നും ലോകസിനിമയുടെ നാനാവശങ്ങൾ യുവാക്കളിലേക്കെത്തിക്കുന്നതിൽ മേള വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.
സംസ്‌കാരത്തിലൂടേയും വിദ്യാഭ്യാസത്തിലൂടേയും മാത്രമേ സ്വതന്ത്ര ചിന്താഗതി വളർത്തിയെടുക്കാനാവൂവെന്ന് വിശിഷ്ടാതിഥിയായ ക്യൂബയുടെ ഇന്ത്യൻ സ്ഥാനപതി അലെഹാന്ദ്രോ സിമാൻകാസ് മറിൻ പറഞ്ഞു. കേരളത്തിലെ സിനിമയെ ക്യൂബയിലേക്ക് കൊണ്ടു പോകുമെന്നും അടുത്തവർഷത്തെ ഹവാന ഫിലിം ഫെസ്റ്റിവലിൽ കേരളത്തിൽ നിന്നുള്ള പ്രതിനിധി സംഘം ഉണ്ടാകണമെന്നതാണ് തന്റെ സ്വപ്നമെന്നും അദ്ദേഹം പറഞ്ഞു. ക്യൂബയിൽനിന്നുള്ള പ്രതിനിധിസംഘത്തിലുൾപ്പെട്ട സംവിധായകരായ ഹോർഹെ ലൂയി സാഞ്ചസ്, അലെഹാന്ദ്രോ ഗിൽ, നിർമ്മാതാവ് റോസ മരിയ വാൽഡസ് എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് സുവർണചകോരവും രജതചകോരവും, നെറ്റ് പാക്, ഫിപ്രസി, കെ.ആർ. മോഹനൻ അവാർഡുകളും ചടങ്ങിൽ സമ്മാനിച്ചു. ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഡി.സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ മായ, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, ക്യൂറേറ്റർ ഗോൾഡാ സെല്ലം, പോർച്ചുഗീസ് സംവിധായികയും ജൂറി ചെയർപേഴ്സണുമായ റീത്ത അസവെദോ ഗോമസ്, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുൺ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, ഫെസ്റ്റിവൽ ഡപ്യൂട്ടി ഡയറക്ടർ എച്ച് ഷാജി, സെക്രട്ടറി സി. അജോയ് തുടങ്ങിയവർ പങ്കെടുത്തു.
കർണാട്ടിക്, ഫോക്, സിനിമാറ്റിക് മ്യൂസിക് എന്നിവ സമന്വയിപ്പിച്ചുകൊണ്ടുള്ള ‘വിൻഡ് ഓഫ് റിഥം’ എന്ന സംഗീതപരിപാടിയും അരങ്ങേറി.