
ഏഷ്യാ കപ്പിൽ ഇന്ത്യൻ വനിതകൾ നേപ്പാളിനെ 82 റൺസിന് തകർത്തു
ഏഷ്യാ കപ്പ് വനിതാ ക്രിക്കറ്റ് ടൂർണമെന്റിലെ മൂന്നാം മത്സരത്തിൽ നേപ്പാളിനെയും വീഴ്ത്തി ഇന്ത്യ വിജയക്കുതിപ്പു തുടരുന്നു. ധാംബുള്ള രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 82 റൺസിനാണ് ഇന്ത്യ നേപ്പാളിനെ വീഴ്ത്തിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 178 റൺസ്. നേപ്പാളിന്റെ മറുപടി 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 96 റൺസിൽ അവസാനിച്ചു.
ഇതോടെ നേപ്പാളിന്റെ സെമി സാധ്യതകൾ അവസാനിച്ചു. ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ 7 വിക്കറ്റിനും രണ്ടാം മത്സരത്തിൽ യുഎഇയെ 78 റൺസിനും തോൽപിച്ച ഇന്ത്യ നേരത്തേ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഇന്നത്തെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാൻ വനിതകൾ യുഎഇയെ 10 വിക്കറ്റിനു തോൽപ്പിച്ചു.
നേരത്തേ, ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 178 റൺസെടുത്തത്. ഓപ്പണർ ഷഫാലി വർമയുടെ അർധസെഞ്ചറിയാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. ഷഫാലി 48 പന്തിൽ 81 റൺസെടുത്ത് പുറത്തായി. സഹ ഓപ്പണർ ഡി.ഹേമലത 47 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ ഷഫാലി – ഹേമലത സഖ്യം പടുത്തുയർത്തിയ സെഞ്ചറി കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 14 ഓവർ ക്രീസിൽ നിന്ന ഇരുവരും അടിച്ചുകൂട്ടിയത് 122 റൺസ്. ഷഫാലി 48 പന്തിൽ 12 ഫോറും ഒരു സിക്സും സഹിതമാണ് 81 റൺസെടുത്തത്. ഹേമലത 42 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 47 റൺസെടുത്തു. അവസാന ഓവറുകളിൽ തകർത്തടിച്ച് 15 പന്തിൽ അഞ്ച് ഫോറുകളോടെ 28 റൺസെടുത്ത ജമീമ റോഡ്രിഗസാണ് ഇന്ത്യൻ സ്കോർ 175 കടത്തിയത്. മലയാളി താരം സജ്നയ്ക്ക് അവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 12 പന്തിൽ ഒരു ഫോർ സഹിതം 10 റൺസെടുത്ത് സജ്ന പുറത്തായി. റിച്ച ഘോഷ് മൂന്നു പന്തിൽ ആറു റൺസുമായി പുറത്താകാതെ നിന്നു. നേപ്പാളിനായി സീതാ റാണ നാല് ഓവറിൽ 25 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.