
എംപിയെ കിട്ടിയിട്ടും എയിംസ് കിട്ടിയില്ല
എംപിയെ കിട്ടിയിട്ടും കേരളത്തോട് ചിറ്റമ്മ നയം തുടർന്ന് ബിജെപി. എയിംസ് എന്ന വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യം ഇത്തവണയും പരിഗണിച്ചില്ല. സ്ഥലം ഏറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുമ്പോളും കേന്ദ്ര സർക്കാർ ഇത്തവണയും പുറം തിരിഞ്ഞു. കോഴിക്കോട്ടെ കിനാലൂരിലാണ് എയിംസ് സ്ഥാപിക്കാനുള്ള സ്ഥലം ഏറ്റെടുക്കാനുള്ള പ്രാഥമിക നടപടികളായത്. ജില്ലയിൽ രാഷ്ട്രീയപാർട്ടികളുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു എയിംസ്.
കേന്ദ്രമന്ത്രിയായ ശേഷം സുരേഷ് ഗോപി കോഴിക്കോട് എത്തിയപ്പോളും ഉയർന്ന പ്രധാന ചോദ്യം എയിംസ് സ്ഥാപിക്കുമോ എന്നായിരുന്നു. എന്നാൽ കൃത്യമായ മറുപടി നൽകാൻ അദ്ദേഹം തയാറായില്ല. കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷായോജന പ്രകാരം 22 എയിംസുകൾ വിവിധ സംസ്ഥാനങ്ങളിൽ ആരംഭിക്കാൻ അംഗീകാരം നൽകിയെങ്കിലും കേരളത്തെ അവഗണിച്ചു.