പിആര്‍ഡി ഡ്രോണ്‍ ഓപ്പറേറ്റേഴ്സ് പാനലിലേക്ക് അപേക്ഷിക്കാം
ഇന്‍ഫര്‍മേഷന്‍-പബ്ലിക്ക് റിലേഷന്‍സ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഡ്രോണ്‍ ഓപ്പറേറ്റേഴ്സിന്റെ പാനല്‍ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സ്റ്റാര്‍ട്ട് അപ്പുകള്‍ക്കോ അപേക്ഷിക്കാം. ഡ്രോണ്‍ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നോ സംഘടനയില്‍ നിന്നോ സമാന സ്ഥാപനങ്ങളില്‍ നിന്നോ ഉള്ള മൂന്നു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയമാണ് അടിസ്ഥാന യോഗ്യത.
വിദ്യാഭ്യാസ യോഗ്യതയില്‍ പ്രീഡിഗ്രി അല്ലെങ്കില്‍ പ്ലസ് ടു അഭിലഷണീയം. ഡ്രോണ്‍ ഷൂട്ട് ജോലികള്‍ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വര്‍ഷത്തെ പരിചയമാണ് സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കുമുള്ള യോഗ്യത. വാര്‍ത്താ മാധ്യമങ്ങള്‍ക്കായി ഏരിയല്‍ ന്യൂസ് ക്ലിപ്പുകള്‍ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, ഇലക്ട്രോണിക് വാര്‍ത്താ മാധ്യമത്തില്‍ വീഡിയോഗ്രാഫി അല്ലെങ്കില്‍ വീഡിയോ എഡിറ്റിംഗില്‍ പ്രവര്‍ത്തിപരിചയം, സ്വന്തമായി നാനോ ഡ്രോണ്‍ ഉള്ളവര്‍, പ്രൊഫഷണല്‍ എഡിറ്റ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്ത ലാപ്‌ടോപ്പ് സ്വന്തമായി ഉള്ളവര്‍, ദൃശ്യങ്ങള്‍ തത്സമയം നിശ്ചിത സെര്‍വറില്‍ അയക്കാനുള്ള സംവിധാനം ലാപ് ടോപില്‍ ഉള്ളവര്‍, എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങള്‍ തുടങ്ങിയവ സ്വന്തമായി ഉള്ളവര്‍ എന്നിവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ ക്രിമിനല്‍ കേസുകളില്‍പ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ടെക്‌നിക്കല്‍ സ്‌പെസിഫിക്കേഷന്‍ സംബന്ധിച്ച വിശദാംശങ്ങള്‍ക്ക് prd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കണം. അപേക്ഷയോടൊപ്പം അപേക്ഷകരുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍, ഫോട്ടോ, ഐഡി കാര്‍ഡിന്റെ പകര്‍പ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂര്‍ ഷൂട്ട്, ഒരു മണിക്കൂര്‍ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടായിരിക്കണം. അപേക്ഷകള്‍ ഡിസംബര്‍ 08 ന് വൈകീട്ട് 5 നകം കുയിലിമല സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നേരിട്ടോ തപാല്‍ വഴിയോ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ-മെയില്‍: dioidk@gmail.com ഫോണ്‍: 04862 233036.
—