വയനാട്ടില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു
വയനാട് പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി ഓട്ടോറിക്ഷയില്‍ ഇടിച്ച് മൂന്നുപേര്‍ മരിച്ചു. ഇന്ന് രാവിലെയോടെയാണ് പഴയ വൈത്തിരിയില്‍ കെഎസ്ആര്‍ടിസി മിന്നല്‍ ബസ് ഓട്ടോറിക്ഷയില്‍ ഇടിച്ച് നമ്പിക്കൊല്ലി സ്വദേശിയായ നാരായണനും ഭാര്യയും മകനും മരിച്ചത്. നാരായണന്‍ സംഭവസ്ഥലത്ത് വച്ചും ഭാര്യ സിജിയും മകന്‍ അമലും മേപ്പാടി മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ വച്ചുമാണ് മരിച്ചത്.
സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വാഹനാപകടങ്ങളില്‍പെട്ട് അഞ്ച് പേരാണ് മരിച്ചത്. മഞ്ചേശ്വരത്ത് കുമ്പള മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടില്‍ ഇന്ന് പുലര്‍ച്ചയുണ്ടായ അപകടത്തിലാണ് കര്‍ണാടക ബംഗരെ സ്വദേശി മുഹമ്മദ് റാഹില്‍ മരിച്ചത്. സ്‌കൂട്ടറില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുല്‍ ജസീര്‍, മുഹമ്മദ് റൈസ് എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലാണ്. ഉപ്പള ഭാഗത്തുനിന്നും വണ്ടിയോട്ടിക്ക് വരികയായിരുന്ന സ്‌കൂട്ടറില്‍ അതേ ദിശയില്‍ നിന്നെത്തിയ കാര്‍ ഇടിച്ച അപകടം ഉണ്ടായത്. വെണ്മണിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ തൊടുപുഴ ന്യൂമാന്‍ കോളേജിലെ അധ്യാപകന്‍ ബിജോയ്‌യെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
പത്തനംതിട്ട കോന്നിയില്‍ മുന്‍ എംഎല്‍എ സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. ഇന്നു പുലര്‍ച്ചെയോടെ സത്യപ്രതിജ്ഞ ചടങ്ങിനായി പോകുന്ന വഴിയാണ് ദേവികുളം മുന്‍ എംഎല്‍എ എ കെ മണി സഞ്ചരിച്ച വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറിയത്. മൂന്നാര്‍ ഗ്രാമപഞ്ചായത്തിന്റെ ജീപ്പാണ് പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ മുന്‍ എംഎല്‍എയും ഒപ്പം ഉണ്ടായിരുന്നവരും കോന്നി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

