
കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു
നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞയ്‌ക്കായി കമൽഹാസൻ വ്യാഴാഴ്‌ച്ച ഡൽഹിയിലെത്തിയിരുന്നു. പാർലമെന്റിലേക്കുള്ള യാത്ര അഭിമാനകരമാണെന്നും ജനങ്ങളുടെ പ്രതീക്ഷയ്‌ക്ക് ഒത്തുയരാൻ പരിശ്രമിക്കുമെന്നും കമൽഹാസൻ പ്രതികരിച്ചു. വ്യാഴാഴ്‌ച്ച തമിഴ്‌നാട്ടിൽ നിന്നുള്ള ആറ് രാജ്യസഭാംഗങ്ങൾ കാലാവധി പൂർത്തിയാക്കി വിരമിച്ചിരുന്നു. ഡിഎംകെ– എംഎൻഎം സഖ്യത്തിന്റെ ഭാഗമായാണ് കമൽഹാസൻ രാജ്യസഭയിലെത്തുന്നത്.
നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ, മറ്റു കക്ഷി നേതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് കമൽഹാസൻ പത്രിക സമർപ്പിച്ചത്. കഴിഞ്ഞവർഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മക്കൾ നീതി മയ്യം ഡിഎംകെക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈ മത്സരിച്ച കോയമ്പത്തൂരിൽ മത്സരിക്കാൻ കമൽ രംഗത്തിറങ്ങിരുന്നു. എന്നാൽ ഡിഎംകെയുടെ ആവശ്യപ്രകാരം കമൽ തീരുമാനത്തിൽ നിന്ന് പിന്മാറുകയും ഡിഎംകെയ്‌ക്ക് വേണ്ടി പ്രചരണത്തിനിറങ്ങുകയുമായിരുന്നു.