
ആലപ്പുഴയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും നാളെ അവധി
അന്തരിച്ച മുൻമുഖ്യമന്ത്രി വി എസ് അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ നാളെ (ബുധനാഴ്ച) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.
വി. എസ്. അച്യുതാനന്ദന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കെഎസ്ആർടിസിയുടെ പ്രത്യേക ബസിൽ ആരംഭിച്ചു. ദർബാർ ഹാളിലെ പൊതുദർശനത്തിനു ശേഷം ആണ് ആലപ്പുഴയിലേക്കുള്ള യാത്ര. കൊല്ലം വഴിയാകും ബസ് ആലപ്പുഴയിൽ എത്തുക. തിരുവനന്തപുരത്തുനിന്ന് ആലപ്പുഴയിലേക്ക് പോകുന്ന വഴിയിലും പൊതുജനങ്ങൾക്ക് കാണാനും ഉള്ളിൽ കയറി ആദരാഞ്ജലികൾ അർപ്പിക്കുന്നതിനും സൗകര്യമൊരുക്കുന്ന രീതിയിലാണ് ബസിന്റെ സജ്ജീകരണം.