
സാങ്കേതികവിദ്യയിലൂടെ കാർഷിക മുന്നേറ്റം
ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ കാർഷിക ഉത്പാദനം വർധിപ്പിക്കാനും കർഷകരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. കർഷക ഉൽപാദക സംഘടനകൾ (FPO), കർഷക ഉൽപാദക കമ്പനികൾ (FPC), കാർഷിക ബിസിനസ് സംരംഭങ്ങൾ, അഗ്രിടെക് സ്റ്റാർട്ടപ്പുകൾ, അഗ്രോ പാർക്കുകൾ എന്നിവയുടെ ശാക്തീകരണത്തിനായി കേരള അഗ്രോ ബിസിനസ്സ് കമ്പനി (കാബ്‌കോ) രൂപീകരിച്ചു. കാലാവസ്ഥാ വ്യതിയാനങ്ങളെ അതിജീവിക്കുന്ന കാർഷിക മൂല്യ ശൃംഖലകൾ വികസിപ്പിക്കാനായി ‘കേര’ പ്രോജക്ട് നടപ്പാക്കി വരുന്നു.
കർഷക ക്ഷേമനിധി ബോർഡിന്റെ ഓൺലൈൻ പോർട്ടലിൽ ഇതിനകം 11,879 കർഷകർ അംഗങ്ങളായിട്ടുണ്ട്. എല്ലാ കൃഷിഭവനുകളെയും ഘട്ടംഘട്ടമായി സ്മാർട്ട് കൃഷിഭവനുകളാക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. ഇത് കർഷക സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും ലഭ്യമാക്കാൻ സഹായിക്കും. കർഷകർക്ക് വേഗത്തിലുള്ള സേവനങ്ങൾ ഉറപ്പാക്കാനായി ‘കതിർ ആപ്പ്’, ഇ-ഓഫീസ് സംവിധാനങ്ങൾ നടപ്പാക്കിയിട്ടുണ്ട്. കതിർ ആപ്പ് വഴിയുള്ള സാങ്കേതിക സേവനങ്ങളും കർഷകർ പ്രയോജനപ്പെടുത്തുന്നുണ്ട്.
തരിശുഭൂമികളിൽ വിവിധ വിളകൾ കൃഷി ചെയ്യാനും തരിശുഭൂമിയിലെ കൃഷി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് ‘നവോത്ഥാൻ’ എന്ന പദ്ധതി ആവിഷ്‌കരിച്ചു. തരിശുൾപ്പടെയുള്ള ഭൂമി ഏറ്റെടുത്ത് കൃഷി ചെയ്യാൻ കർഷകന് സാധിക്കുന്ന ‘ക്രോപ്പ് കൾട്ടിവേറ്റ്‌സ് കാർഡ്’ നടപ്പാക്കുന്നത് അന്തിമഘട്ടത്തിലാണ്.
പച്ചക്കറികളിലെ വിഷാംശം ശാസ്ത്രീയമായി നിരീക്ഷിക്കാൻ കേരള കാർഷിക സർവകലാശാലയുടെ കീഴിൽ വെള്ളായണി, കുമരകം, വെള്ളാനിക്കര, പടന്നക്കാട് എന്നിവിടങ്ങളിലായി നാല് പെസ്റ്റിസൈഡ് റെസിഡ്യൂ ടെസ്റ്റിംഗ് ലബോറട്ടറികൾ പ്രവർത്തിക്കുന്നു. കോൾനിലങ്ങളിലെ ശാസ്ത്രീയ നെൽകൃഷിക്കായി പ്രത്യേക പ്രോട്ടോക്കോൾ തയാറാക്കിയിട്ടുണ്ട്.
കേരള കാർഷിക സർവകലാശാലയിൽ ഒരു ട്രാൻസ്ലേഷണൽ റിസർച്ച് സെന്റർ സ്ഥാപിക്കാൻ 23.49 കോടി രൂപയുടെ ഡി.പി.ആർ കിഫ്ബി പരിഗണനയിലാണ്. ഇത് കാർഷിക ഗവേഷണരംഗത്ത് വലിയ മുന്നേറ്റങ്ങൾക്ക് വഴിയൊരുക്കും. സംരംഭകത്വം പ്രോത്സാഹിപ്പിക്കാനായി വെള്ളായണി കാർഷിക കോളേജിൽ അഗ്രിബിസിനസ് ഇൻക്യുബേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. 4500 സ്റ്റാർട്ടപ്പുകൾക്ക് ഇവിടെ പരിശീലനം നൽകിയിട്ടുണ്ട്. പുതിയതായി 50 ആഗ്രോ സർവീസ് സെന്ററുകൾ (കൃഷിശ്രീ സെന്ററുകൾ) ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാർഷിക കർമ്മസേനകളും രൂപീകരിച്ചിട്ടുണ്ട്. കേരള സംസ്ഥാന മെക്കനൈസേഷൻ മിഷന്റെ ആഭിമുഖ്യത്തിൽ നിലവിൽ 6252 സേവനദാതാക്കൾ പ്രവർത്തിച്ചുവരുന്നു. സാങ്കേതിക ഇടപെടലുകളിലൂടെയും നവീന പദ്ധതികളിലൂടെയും സർക്കാർ കാർഷിക മേഖലയെ കൂടുതൽ സുസ്ഥിരവും ഉത്പാദനക്ഷമവുമാക്കി മാറ്റുകയാണ്.
കരുത്തോടെ കേരളം- 96