ലോക്‌സഭയിലെ പ്രതിഷേധം; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്തി
ന്യൂഡല്‍ഹി: ലോക്സഭയില്‍ അതിക്രമിച്ച് കയറി പ്രതിഷേധം നടത്തിയവര്‍ക്കെതിരെ യുഎപിഎ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു.
ഡല്‍ഹി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ആറ് പേര്‍ ചേര്‍ന്നാണ് പ്രതിഷേധത്തിനുള്ള പദ്ധതികള്‍ തയ്യാറാക്കിയതെന്നും നാല് പേര്‍ സംഭവത്തില്‍ നേരിട്ട് പങ്കെടുത്തെന്നും ഡല്‍ഹി പൊലീസ് അറിയിച്ചു. യുഎപിഎ കൂടാതെ ഐപിസി പ്രകാരമുള്ള വിവിധ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.
ലഖ്നൗ സ്വദേശി സാഗര്‍ ശര്‍മ്മ, മൈസൂര്‍ സ്വദേശി ഡി. മനോരഞ്ജൻ, ഹരിയാനയിലെ ഹിസാര്‍ സ്വദേശി നീലംദേവി, മഹാരാഷ്ട്ര സ്വദേശി അമോല്‍ ഷിൻഡെ എന്നിവരാണ് സംഭവ സ്ഥലത്ത് അറസ്റ്റിലായത്. സഹായിയായ ലളിത് ഝാ പിന്നീട് പിടികൂടി . കൂട്ടാളിയായ വിക്കി ശര്‍മ്മയെ തെരയുകയാണ്. ലളിത് ഝായുടെ വീട്ടില്‍ തങ്ങിയാണ് ഗൂഢാലോചന നടത്തിയത്.