
കേരളം സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനം; നാഴികക്കല്ലെന്ന് മുഖ്യമന്ത്രി
കേരളത്തെ സമ്പൂര്‍ണ ഇ-ഗവേണന്‍സ് സംസ്ഥാനമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരളത്തിന് സുശക്തമായ അടിത്തറ പാകുന്ന പദ്ധതിയാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനോപകാരപ്രദമായ സര്‍ക്കാരിന് ഒരു ചുവടുകൂടി മുന്നോട്ട് പോകാന്‍ കഴിഞ്ഞു- അദ്ദേഹം വ്യക്തമാക്കി.
ജനാധിപത്യത്തിന്റെ കേരള മാതൃകയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കുമിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനതലത്തിലും പ്രവര്‍ത്തനതലത്തിലും വിനിയോഗതലത്തിലും കാര്യക്ഷമമായി ഇടപെട്ട് ഇഗവേര്‍ണന്‍സ് സംവിധാനങ്ങളെ പൂര്‍ണ്ണതയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കെ ഫോണ്‍ അടുത്ത മാസം മുതല്‍ യാഥാര്‍ഥ്യമാകും. ഇതോടെ ഇന്റര്‍നെറ്റ് സാന്ദ്രതയോടെ ലഭ്യമാകും.
പൊതുസ്ഥലങ്ങളില്‍ വൈഫൈ, കെ ഫൈ പദ്ധതി നടപ്പാക്കിവരുന്നു. സമൂഹത്തിലെ ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതാക്കാനുള്ള നടപടികളും സ്വീകരിക്കുന്നു. ഇന്റര്‍നെറ്റ് ഷട്ട് ഡൗണ്‍ രാജ്യത്തിന്റെ പല ഭാഗത്തും സാധാരണ സംഭവമായി. കേരളത്തില്‍ ഇന്റര്‍നെറ്റ് പൗരന്റെ അവകാശമാണ്-മുഖ്യമന്ത്രി പറഞ്ഞു .|
''എല്ലാ വില്ലേജ് ഓഫീസുകളെയും സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളാക്കി മാറ്റുകയും റീ-സര്‍വ്വേ നടപടികളെ ശാസ്ത്രീയവും സുതാര്യവും വേഗതയുള്ളതും ആക്കുന്ന ഡിജിറ്റല്‍ റീ-സര്‍വ്വേ പദ്ധതിക്ക് തുടക്കം കുറിക്കുകയും ചെയ്തു. കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും കഴിഞ്ഞ വര്‍ഷം സംയോജിത പ്രാദേശിക ഭരണ മാനേജ്‌മെന്റ് സമ്പ്രദായം നടപ്പാക്കുകയും അതുവഴി 250 സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുകയും ചെയ്തു.
കേരള സ്‌പെഷ്യല്‍ ഡേറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ മുഖേന കേരള ജിയോ പോര്‍ട്ടല്‍- 2 ആരംഭിച്ചു. ഇതുവഴി കേരളത്തിലെ 600 പഞ്ചായത്തുകളിലും 31 മുനിസിപ്പാലിറ്റികളിലും ദുരന്തനിവാരണ മാപ്പിങ് പൂര്‍ത്തിയാക്കി. സൈബര്‍ സാങ്കേതികതയുടെ ഈ കാലത്ത് കേരളാ പോലീസിനെയും നവീകരിച്ചു മുന്നോട്ടു കൊണ്ടുപോവുകയാണ് നമ്മള്‍. സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിലും ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തിലുമെല്ലാം കേരളാ പോലീസ് രാജ്യത്തിനു തന്നെ മാതൃകയാണ്. ''- മുഖ്യമന്ത്രി വ്യക്തമാക്കി