
കൊൽക്കത്തയ്ക്ക് റിങ്കു വിജയം; റാഷിദ് ഖാൻ്റെ ഹാട്രിക്ക് വിഫലം
ഗുജറാത്തിനെതിരായ ആവേശപ്പോരിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് ത്രസിപ്പിക്കുന്ന ജയം. അവസാന ഓവറിൽ തകർപ്പൻ ബാറ്റിംഗ് പ്രകടനം നടത്തിയ റിങ്കു സിംഗനാണ് കൊൽക്കത്തയുടെ വിജയശില്പി. 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് അവസാന ഓവറില്‍ വിജയിക്കാന്‍ 29 റണ്‍സായിരുന്നു ആവശ്യം. അഞ്ച് പന്തുകളില്‍ സിക്സര്‍ പായിച്ച് റിങ്കു സിംഗ് കൊല്‍ക്കത്തക്ക് അവിശ്വസിനീയ ജയം സമ്മാനിക്കുകയായിരുന്നു.
അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഗുജറാത്ത് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പതിവ് പോലെ ഗുജറാത്തിന് അടിത്തറ ഇടാന്‍ ശുഭ്മാന്‍ ഗില്‍-വൃദ്ധിമാന്‍ സാഹ കൂട്ടുകെട്ടിന് കഴിഞ്ഞു. സ്കോര്‍ 33 ല്‍ നില്‍ക്കെ സാഹ(17) മടങ്ങി. രണ്ടാം വിക്കറ്റില്‍ സായ് സുദര്‍ശനെ കൂട്ടുപിടിച്ച് ഗില്‍ 67 റണ്‍സാണ് ചേര്‍ത്തത്. മത്സരത്തിൽ 38 പന്തുകളിൽ 53 റൺസായിരുന്നു സായി സുദർശൻ നേടിയത്. അഞ്ചാമനായി ക്രീസിലെത്തിയ വിജയ് ശങ്കർ ഗുജറാത്തിനായി അവസാന ഓവറുകളിൽ തകർത്തടിച്ചു.
21 പന്തില്‍ 50 കടന്ന വിജയ് ശങ്കര്‍ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ തന്റെ സ്കോര്‍ 63-ലെത്തിച്ചു. നാല് ഫോറും അഞ്ച് സിക്സുമാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. കൊല്‍ക്കത്തക്കായി സുനിൽ നരെയ്ൻ മൂന്ന് വിക്കറ്റ് നേടി. സായുഷാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. മറുപടി ബാറ്റിംഗിൽ അത്ര മികച്ച തുടക്കമായിരുന്നില്ല കൊൽക്കത്തക്ക് ലഭിച്ചത്. നിതീഷ്-വെങ്കടേഷ് അയ്യർ സഖ്യമാണ് കെകെആറിനെ തകർച്ചയിൽ നിന്ന് കരകയറ്റിയത്. റാണ 29 പന്തുകളിൽ 45 റൺസ് നേടിയപ്പോൾ, അയ്യർ 43 പന്തുകളിൽ 80 റൺസ് നേടി.
എന്നാൽ പതിനേഴാം ഓവറിൽ തകർപ്പൻ ഹാട്രിക് നേടി റാഷിദ് ഖാൻ കൊൽക്കത്തയെ ഞെട്ടിക്കുകയായിരുന്നു. 205 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് അവസാന ഓവറില്‍ വിജയിക്കാന്‍ 29 റണ്‍സായിരുന്നു ആവശ്യം. യാഷ് ദയാലെറിഞ്ഞ ഓവറിലെ ആദ്യ പന്തില്‍ ഉമേഷ് യാദവ് സിംഗിള്‍ നേടി. പിന്നീട് വന്ന അഞ്ച് പന്തുകളില്‍ സിക്സര്‍ പായിച്ച് റിങ്കു സിംഗ് കൊല്‍ക്കത്തക്ക് അവിശ്വസിനീയ ജയം സമ്മാനിക്കുകയായിരുന്നു.