
അണ്ടർ 17 കപ്പ് റഷ്യയ്ക്ക്; മലയാളി ഷിൽജി ഷാജി ടോപ് സ്കോറർ
അണ്ടര്‍ 17 വനിതാ സാഫ് കപ്പില്‍ ഇന്ത്യയെ പരാജയപ്പെടുത്തി റഷ്യ ജേതാക്കളായി. എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റഷ്യയുടെ വിജയം.ആദ്യത്തെ 13 മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ഗോളുകള്‍ നേടി റഷ്യ വിജയം ഉറപ്പിച്ചിരുന്നു.
പത്താം മിനിറ്റില്‍ അവ്ഡിയെങ്കോയും 13-ാം മിനിറ്റില്‍ കൊറ്റ്‌ലോവയുമാണ് ഇന്ത്യന്‍ വല കുലുക്കിയത്. മറുപടി ഗോളിനായി പരിശ്രമിച്ചെങ്കിലും ഇന്ത്യയ്ക്ക് ലക്ഷ്യം കാണാനായില്ല. ഇതോടെ എല്ലാ മത്സരങ്ങളും വിജയിച്ച് റഷ്യ ഒന്നാം സ്ഥാനവും കിരീടവും സ്വന്തമാക്കി.
നാല് കളികളില്‍ രണ്ട് കളികള്‍ മാത്രം ജയിച്ച ഇന്ത്യ ആറ് പോയിന്റുമായി മൂന്നാമതായി. ഒരു മത്സരം മാത്രം പരാജയപ്പെട്ട് ഏഴ് പോയിന്റുമായി ബംഗ്ലാദേശാണ് രണ്ടാം സ്ഥാനത്ത്.
ഫെയര്‍ പ്ലേ അവാര്‍ഡ് നേടിയാണ് ഇന്ത്യയുടെ മടക്കം. എട്ട് ഗോള്‍ നേടിയ മലയാളി താരം ഷില്‍ജി ഷാജിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. കോഴിക്കോട് കക്കയം സ്വദേശിനിയായ ഷില്‍ജി നേപ്പാളിനെതിരായ മത്സരത്തില്‍ മൂന്ന് ഗോളും ഭൂട്ടാനെതിരെ അഞ്ച് ഗോളുമാണ് നേടിയത്.