
സംസ്ഥാനത്ത് 210 പേർക്ക് കൊവിഡ്; വീണ്ടും കോവിഡ് മരണമെന്ന് ആരോഗ്യവകുപ്പ്; പിന്നാലെ തിരുത്തി
സംസ്ഥാനത്ത് ഇന്ന് 210 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ സംസ്ഥാനത്ത് ഇന്ന് കോവിഡ് മരണമുണ്ടായെന്ന് വെബ്സൈറ്റിൽ തെറ്റായി രേഖപ്പെടുത്തി ആരോഗ്യവകുപ്പ്. തൃശൂരിൽ മൂന്ന് പേർ കോവിഡ് ബാധിച്ച് മരിച്ചെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍, ഇന്ന് കോവിഡ് മരണങ്ങൾ ഉണ്ടായിട്ടില്ലെന്നും വെബ്സൈറ്റിൽ കണക്കുകൾ ചേർത്തതിൽ പിശക് സംഭവിച്ചതെന്നും ആരോഗ്യവകുപ്പ് പിന്നീട് വിശദീകരിച്ചു.
എറണാകുളം തിരുവനന്തപുരം ജില്ലകളിലാണ് കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. എറണാകുളത്ത് 50 പേർക്കും തിരുവനന്തപുരത്ത് 36 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുളളത്.രാജ്യത്ത് കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞ മൂന്ന് ദിവസമായി കേരളത്തിലും കൊവിഡിൽ നേരിയ വർദ്ധനയുള്ളതായി ആരോഗ്യമന്ത്രി വീണാ ജോർജിൻറെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം വിലയിരുത്തിയിരുന്നു. സംസ്ഥാനത്ത് ഇന്നലെ 172 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 114 കേസുകളായിരുന്നു മാർച്ച് 20 ന് റിപ്പോർട്ട് ചെയ്തത്.