
232 വായ്പാ- വാതുവെപ്പ് ആപ്പുകൾക്ക് രാജ്യത്ത് നിരോധനം
ന്യൂഡൽഹി: രാജ്യത്ത് 232- ചൈനീസ് ആപ്പുകൾക്ക് കൂടി കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തി. 138- വാതുവെപ്പ് ആപ്പുകളും 93- വായ്പാ ആപ്പുകളുമാണ് നിരോധിച്ചത്. രാജ്യത്തിന്റെ സുരക്ഷയ്‌ക്കും അഖണ്ഡതയ്‌ക്കും ഭീഷണിയായ ആപ്പുകൾക്കാണ് പ്രവർത്താനാനുമതി നിഷേധിച്ചത്. കൂടാതെ ആപ്പുകൾ വഴി ലോണെടുത്ത് നിരവധിപേർ ജീവനൊടുക്കി സംഭവങ്ങളും കൂടി നിരോധനത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നു.
ആപ്പുകളുടെ കൂടുതൽ വിശദാംശങ്ങൾ മന്ത്രാലയം പുറത്ത വിട്ടിട്ടില്ല. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശ പ്രകാരം കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെതാണ് നടപടി. ഇൻഫർമേഷൻ ടെക്‌നോളജി നിയമത്തിലെ സെക്ഷൻ 69- പ്രകാരമാണ് പ്രവർത്തനാനുമതി നിഷേധിച്ചിരിക്കുന്നത്. വിദേശ രാജ്യങ്ങളിലെ സെർവറുകളിലേക്ക് ഈ ആപ്പുകൾ ഇന്ത്യക്കാരുടെ ഡാറ്റ കൈമാറുന്നുവെന്ന് കേന്ദ്രസർക്കാറിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി വേഗത്തിലാക്കിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട് അനുസരിച്ച് തെലങ്കാന, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ലോൺ ആപ്പുകളിൽനിന്ന് വായ്പയെടുത്തശേഷം നിരവധി പേർ ജീവനൊടുക്കിയിരുന്നു. മൂന്നു സംസ്ഥാനങ്ങളിലുമായി 17 കേസുകൾ ഇതുമായി ബന്ധപ്പെട്ട് റജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.