ആറ്റിങ്ങലിൽ വാഹനാപകടം; ലോറിക്ക് തീപിടിച്ചു; ഒരാൾ മരിച്ചു
ആറ്റിങ്ങൽ ദേശീയപാതയിൽ കോരാണി പതിനെട്ടാം മൈലിനു സമീപം ബൈക്കും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ബൈക്കിൽ എതിർ ദിശയിൽ വന്ന ജീപ്പ് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ബൈക്കിന് പിന്നാലെ വന്ന ലോറിക്കടിയിലേക്ക് ബൈക്ക് ഇടിച്ചു കയറുകയും ബൈക്കിൽ ഉണ്ടായിരുന്ന രണ്ടുപേരുടെ ദേഹത്ത് കൂടി ലോറി കയറി ഇറങ്ങുകയും ചെയ്തു. ബൈക്ക് യാത്രക്കാർ ബൈക്കിൽ നിന്നും തെറിച്ചു വീണെങ്കിലും ഏകദേശം 10 മീറ്ററോളം ബൈക്കും വലിച്ചു ലോറി മുന്നോട്ട് നീങ്ങി. ഇതിനിടെ പെട്രോൾ ടാങ്ക് പൊട്ടിയ ബൈക്ക് തീപിടിച്ചു. ആറ്റിങ്ങൽ ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി തീപിടിച്ച വാഹനങ്ങൾ റോഡിൽ നിന്ന് നീക്കം ചെയ്തു. ബൈക്ക് പൂർണമായും കത്തിനശിച്ചു.അപകടത്തിൽ ബൈക്ക് യാത്രക്കാരിൽ ഒരാൾ മരണപ്പെട്ടതായി ദൃക്സാക്ഷികൾ പറയുന്നു. ബൈക്കിൽ കൂടെ ഉണ്ടായിരുന്ന ആളിനെയും ലോറിയിൽ ഉണ്ടായിരുന്നവരെയും ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ടുപോയി. അപകടത്തെ തുടർന്ന് വൻ ഗതാഗത തടസ്സമാണ് ഉണ്ടായത്.