യൂത്ത് കോൺഗ്രസുകാരുടെ കടം വീട്ടി യൂണിവേഴ്സിറ്റി കോളേജിലെ മുൻ എസ്എഫ്ഐക്കാർ
തിരുവനന്തപുരം : കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസുകാര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ നഷ്ടത്തിലായ തിരുവനന്തപുരം പ്രസ്ക്ലബ് കാന്റീനിലെ നടത്തിപ്പുകാര്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സഹായം. യൂത്ത് കോണ്‍ഗ്രസുകാര്‍ ഭക്ഷണം കഴിച്ചതിന്റെ പണമടക്കാതെ മുങ്ങിയത് പ്രസ്ക്ലബിന് സമീപത്തെ ചെറിയ ചായക്കടക്കാരനെ വെട്ടിലാക്കിയിരുന്നു. ഇന്നലെ ഇത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഭക്ഷണം കഴിച്ചവരെല്ലാം ആള്‍കൂട്ടത്തിലേക്ക് ചൂണ്ടിക്കാട്ടി പണം അണ്ണന് തരും എന്ന് പറഞ്ഞ് പോയി. പക്ഷെ പൈസ അടക്കാൻ ആരും വന്നില്ല.
ഇന്ന് എസ്എഫ്ഐ യൂണിവേഴ്സിറ്റി കോളേജിന് മുന്നിൽ സംഘടിപ്പിച്ച മഹാപ്രതിരോധത്തിനു എത്തിയ യൂണിവേഴ്സിറ്റി കോളേജിലെ പൂർവ വിദ്യാർത്ഥികളും മുൻകാല എസ്എഫ്ഐ പ്രവർത്തകരും പിരിവെടുത്താണ് ചായക്കട നടത്തിപ്പുകാർക്ക് യൂത്ത് കോൺഗ്രസുകാരുടെ കടം വീട്ടി നൽകിയത്. ഡിവൈഎഫ്ഐ നേതാവും കുന്നുകുഴി വാര്‍ഡ് കൗണ്‍സിലറുമായ ബിനുവിന്റെ നേതൃത്വത്തിലായിരുന്നു പിരിവെടുത്ത് യൂത്ത് കോണ്‍ഗ്രസുകാരുടെ കടം വീട്ടിയത്. പിരിച്ചെടുത്ത് പണം ഇന്ന് കാന്റീന് ജീവനക്കാരന് ദിലീപിന് കൈമാറി. ഏതായാലും ഇനി മുതല്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മാര്ച്ചുള്ള സമയത്ത് കട തുറക്കേണ്ടതില്ലെന്ന തീരുമാനത്തിലാണ് കാന്റീന് ജീവനക്കാര്‍.