പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 112 ആയി
തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ നഷ്ടമായത് 112 ജീവനുകള്‍. മണ്ണിനടയില്‍പ്പെട്ട 31 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. മലപ്പുറത്ത് 23 പേരെയും വയനാട്ടില്‍ ഏഴു പേരെയും കോട്ടയത്ത് ഒരാളെയുമാണു കണ്ടെത്താനുള്ളത്. മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും അവസാന ആളെയും കണ്ടെത്തുന്നതുവരെ തെരച്ചില്‍ തുടരുമെന്നു ദുരന്ത നിവാരണ അഥോറിറ്റി അധികൃതര്‍ അറിയിച്ചു. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്- 48 പേര്. കോഴിക്കോട്ട് 17 പേരും വയനാട്ടില്‍ 12 പേരും മരിച്ചു. കണ്ണൂരും തൃശൂരും ഒന്‍പതു പേര് വീതവും ആലപ്പുഴയില്‍ ആറും ഇടുക്കിയില്‍ അഞ്ചു പേരും മരിച്ചു. കോട്ടയം, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ടു പേര് വീതവും പാലക്കാട്ട് ഒരാളും മരിച്ചു.
മഴ കുറഞ്ഞതോടെ ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. സംസ്ഥാനത്ത് ഇപ്പോള്‍ 891 ക്യാന്പുകളിലായി 1.47 ലക്ഷം പേരാണു കഴിയുന്നത്- 46,450 കുടുംബങ്ങള്‍.
പ്രാഥമിക കണക്കുകള്‍ പ്രകാരം വയനാട്ടിലാണ് വീടുകള്‍ക്ക് ഏറ്റവും കൂടുതല്‍ നാശനഷ്ടം സംഭവിച്ചിട്ടുള്ളത്. വയനാട്ടിലെ 535 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. 5435 വീടുകള്‍ ഭാഗികമായും തകര്‍ന്നു. മലപ്പുറത്ത് 210 വീടുകള്‍ പൂര്‍ണമായും 1744 വീടുകള്‍ ഭാഗികമായും തകര്‍ന്നിട്ടുണ്ട്. കണ്ണൂരില്‍ 133 വീടുകള്‍ പൂര്‍ണ്ണമായും 2022 വീടുകള്‍ ഭാഗികമായും തകര്‍ന്നു.