വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ
വട്ടിയൂർക്കാവ് ജങ്ഷൻ വികസന പദ്ധതിയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. ആരോഗ്യ മന്ത്രി കെ മുരളീധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മ…

വട്ടിയൂർക്കാവ് ജങ്ഷൻ വികസന പദ്ധതിയുടെ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. ആരോഗ്യ മന്ത്രി കെ മുരളീധരൻ പദ്ധതി ഉദ്ഘാടനം ചെയ്തു. കാഞ്ഞിരംപാറ പെട്രോൾ പമ്പിന് സമീപം പദ്ധതിയുടെ പ്രാരംഭ നിർമാണ പ്രവർത്തനങ്ങൾ മന്ത്രി ഉദ്ഘാടനം ചെയ്തു. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് വിഭാവനം ചെയ്ത പദ്ധതിയിൽ പിന്നീട് ചില മാറ്റങ്ങൾ വന്നിരുന്നെങ്കിലും, കാലതാമസം ഒഴിവാക്കി സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാണ് ശ്രമമെന്ന് മന്ത്രി പറഞ്ഞു.
73.61 കോടി രൂപയാണ് പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. ശാസ്തംഗലം – മണ്ണറക്കോണം , തോപ്പുമുക്ക് – വട്ടിയൂർക്കാവ് റോഡ് , മണ്ണറക്കോണം – പേരൂർക്കട റോഡ് , മണ്ണറക്കോണം ജങ്ഷൻ വികസനം എന്നിവ ഉൾപ്പെട്ട 7.215 കിലോമീറ്റർ റോഡിന്റെ വികസനമാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.പദ്ധതിക്കായി ഏറ്റെടുത്തിരിയ്ക്കുന്ന സ്ഥലത്തെ റോഡിന്റെ ഇരുവശം ഓട, ആവശ്യമായ സ്ഥലങ്ങളിൽ പാർശ്വഭിത്തി, കലുങ്ക് എന്നിവയുടെ നിർമാണവും വാട്ടർ അതോറിറ്റി, കെ എസ് ഇ ബി എന്നിവയുടെ കണക്ഷൻ മാറ്റി സ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികളാണ് നടക്കുന്നത്.
ഇതിൽ കെ എസ് ഇ ബിയുടെ ലൈനുകൾ മാറ്റി സ്ഥാപിക്കുന്നതിന് 6.46 കോടി രൂപയും കേരള വാട്ടർ അതോറിറ്റിയുടെ പ്രവൃത്തികൾക്ക് 6.93 കോടി രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. 7 മുതൽ 10 മീറ്റർ വരെ മാത്രം വീതിയുള്ള റോഡുകളെ 18.5 മീറ്റർ വീതിയുള്ള ഉന്നത നിലവാരത്തിലാണ് നവീകരിക്കുന്നത്.ഗതാഗതത്തിന് പരമാവധി തടസ്സം നേരിടാത്തവിധം ഓരോ വശത്തേയും നിർമാണം ഘട്ടം ഘട്ടമായാണ് നടത്തുന്നത്. കേരള റോഡ് ഫണ്ട് ബോർഡ് പ്രോജക്ട് മനേജ്‌മെന്റ് യൂണിറ്റിനാണ് പദ്ധതിയുടെ നിർവഹണ ചുമതല. ഊരാളുങ്കൽ ലേബർ കോ – ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമാണ കരാർ ഏറ്റെടുത്തിരിക്കുന്നത്.




