SBI ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; ഡിസംബർ ഒന്ന് മുതൽ ഇന്ധനത്തിനും യാത്രയ്ക്കും അധിക ചാർജ്
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുന്നവരും യാത്രാ ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നവരും ശ്രദ്ധിക്കേണ്ട മാറ്റവുമായി എസ്ബിഐ കാര്‍ഡ്. 2026 ഡിസംബര്‍ ഒന്ന് മുതല്‍ ചില ഇന്ധന ഇടപാടുകള്‍ക്കും നിശ്ചി…

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഇന്ധനം വാങ്ങുന്നവരും യാത്രാ ആവശ്യങ്ങള്‍ക്കായി പണം ചെലവഴിക്കുന്നവരും ശ്രദ്ധിക്കേണ്ട മാറ്റവുമായി എസ്ബിഐ കാര്‍ഡ്. 2026 ഡിസംബര്‍ ഒന്ന് മുതല്‍ ചില ഇന്ധന ഇടപാടുകള്‍ക്കും നിശ്ചിത തുകയ്ക്ക് മുകളിലുള്ള യാത്രാ ഇടപാടുകള്‍ക്കും ഒരു ശതമാനം അധിക ഫീസ് ഈടാക്കും.
ഇന്ധന ചെലവിലെ മാറ്റങ്ങള്‍:
ഒരു ബില്ലിങ് സൈക്കിളില്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ഇന്ധനച്ചെലവ് 50,000 രൂപയില്‍ കൂടുതലായാല്‍ ആകെ ഇന്ധനച്ചെലവിന്റെ ഒരു ശതമാനമാണ് അധിക ഫീസായി നല്‍കേണ്ടത്. ഉദാഹരണത്തിന് ഒരു ബില്ലിങ് സൈക്കിളില്‍ 60,000 രൂപയുടെ ഇന്ധനം വാങ്ങിയാല്‍ അതിന്റെ ഒരു ശതമാനമായ 600 രൂപ അധിക ഫീസായി വരും. ഇന്ധനച്ചെലവ് 50,000 രൂപയോ അതില്‍ താഴെയോ ആണെങ്കില്‍ ഈ പരിധി അടിസ്ഥാനമാക്കിയുള്ള അധിക ഫീസ് ബാധകമാകില്ല. ഇവിടെ ശ്രദ്ധിക്കേണ്ടത് കലണ്ടര്‍ മാസത്തെ ചെലവല്ല. ക്രെഡിറ്റ് കാര്‍ഡിന്റെ ബില്ലിങ് സൈക്കിളിലെ ആകെ ഇന്ധനച്ചെലവാണ് കണക്കാക്കുന്നത് എന്നതാണ്.
യാത്രാ പേയ്മെന്റുകള്‍ക്കും ഒരു ശതമാനം ഫീസ്
യാത്രാ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഒറ്റ ഇടപാടിന്റെ തുക 30,000 രൂപ കടന്നാല്‍ ആ ഇടപാടിന്റെ ഒരു ശതമാനം അധിക ഫീസ് ഈടാക്കും. ഇന്ധനച്ചെലവില്‍ നിന്ന് വ്യത്യസ്തമായി ഇവിടെ ഒരു ബില്ലിങ് സൈക്കിളിലെ ആകെ യാത്രാച്ചെലവല്ല പരിഗണിക്കുന്നത്. ഓരോ ഇടപാടിന്റെയും തുകയാണ് നോക്കുന്നത്. ഉദാഹരണത്തിന് ഒരു യാത്രാ ഇടപാടിലൂടെ 35,000 രൂപ ചെലവാക്കിയാല്‍ 350 രൂപ അധിക ഫീസ് വരും. എന്നാല്‍ 20,000 രൂപയുടെ രണ്ട് വ്യത്യസ്ത ഇടപാടുകള്‍ നടത്തിയാല്‍ അവയില്‍ ഓരോന്നും 30,000 രൂപയില്‍ താഴെയായതിനാല്‍ ഈ പരിധി പ്രകാരമുള്ള ഫീസ് ബാധകമാകില്ല.
ഏതൊക്കെ ഇടപാടുകളാണ് പരിഗണിക്കുന്നത്?
ഇടപാടുകള്‍ ഏത് വിഭാഗത്തില്‍പ്പെടുന്നു എന്ന് തിരിച്ചറിയാന്‍ മര്‍ച്ചന്റ് കാറ്റഗറി കോഡ് (MCC) ആണ് ഉപയോഗിക്കുന്നത്. യാത്രാ ഇടപാടുകള്‍ക്കായി MCC 4111, 4784, 4131 എന്നീ കോഡുകളും ഇന്ധന ഇടപാടുകള്‍ക്കായി MCC 5172, 5541, 5542, 5983 എന്നീ കോഡുകളുമാണ് അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. എല്ലാ ട്രെയിന്‍ ടിക്കറ്റുകള്‍ക്കും എല്ലാ യാത്രാ ബുക്കിങ്ങുകള്‍ക്കും ഫീസ് ബാധകമാണെന്ന് പൊതുവായി നിഗമനം ചെയ്യരുത്. ഓരോ ഇടപാടിന്റെയും Classification പരിശോധിക്കണം.
ആരെയാണ് കൂടുതല്‍ ബാധിക്കുക?
ഒരു ബില്ലിങ് സൈക്കിളില്‍ 50,000 രൂപയില്‍ താഴെ ഇന്ധനച്ചെലവുള്ള കാര്‍ഡ് ഉടമകളെ പുതിയ ഇന്ധന ഫീസ് ബാധിക്കില്ല. എന്നാല്‍ വലിയ തുകയുടെ ഇന്ധനം വാങ്ങുന്ന ബിസിനസുകള്‍ക്കും വാഹനങ്ങളുടെ പ്രവര്‍ത്തനത്തിനായി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കും ഇത് അധിക ചെലവുണ്ടാക്കാം. അതുപോലെ 30,000 രൂപയില്‍ കൂടുതലുള്ള ഒറ്റ യാത്രാ ഇടപാടുകള്‍ നടത്തുന്നവരും ശ്രദ്ധിക്കണം.
കാര്‍ഡ് ഉടമകള്‍ എന്താണ് ചെയ്യേണ്ടത്?
ഡിസംബര്‍ ഒന്നിന് മുമ്പ് എസ്ബിഐ കാര്‍ഡില്‍നിന്ന് ലഭിക്കുന്ന അറിയിപ്പുകളും സ്വന്തം കാര്‍ഡിന് ബാധകമായ നിബന്ധനകളും പരിശോധിക്കുക. ഇന്ധനച്ചെലവ് കണക്കാക്കുമ്പോള്‍ ബില്ലിങ് സൈക്കിള്‍ ശ്രദ്ധിക്കണം. യാത്രാ ആവശ്യങ്ങള്‍ക്കായി വലിയ തുക നല്‍കുമ്പോള്‍ അതിന് പുതിയ ഫീസ് ബാധകമാണോ എന്നും ഉറപ്പാക്കണം. പുതിയ മാറ്റം എല്ലാ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും ബാധകമായ പൊതുവായ ഫീസ് വര്‍ധനയല്ല. നിശ്ചിത വിഭാഗങ്ങളില്‍ നിശ്ചിത പരിധി കടക്കുന്ന ഇടപാടുകള്‍ക്കാണ് അധിക ഫീസ് ബാധകമാകുന്നത്. അതിനാല്‍ കാര്‍ഡ് ഉടമകള്‍ സ്വന്തം ചെലവുകളും കാര്‍ഡിന്റെ നിബന്ധനകളും പരിശോധിക്കുന്നത് നല്ലതാണ്.




