സഞ്ജുവിന് അർധ സെഞ്ചറി, 33 പന്തിൽ 67; ഇന്ത്യയ്ക്ക് നാലു വിക്കറ്റ് വിജയം
അർധ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര വിജയത്തോടെ തുടങ്ങി ഇന്ത്യ. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആദ്യ മത്സരത്തിൽ നാലു വിക്കറ്റ് വിജയമാണ് ഇന്ത്യ ന…

അർധ സെഞ്ചറി നേടിയ മലയാളി താരം സഞ്ജു സാംസണിന്റെ ബാറ്റിങ് കരുത്തിൽ ന്യൂസീലൻഡിനെതിരായ ട്വന്റി20 പരമ്പര വിജയത്തോടെ തുടങ്ങി ഇന്ത്യ. ക്രൈസ്റ്റ് ചർച്ചിൽ നടന്ന ആദ്യ മത്സരത്തിൽ നാലു വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് നാലു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തപ്പോൾ, മറുപടിയിൽ 19.4 ഓവറിൽ ആറു വിക്കറ്റിന് ഇന്ത്യ വിജയറൺസ് കുറിച്ചു. 33 പന്തുകൾ നേരിട്ട ഓപ്പണർ സഞ്ജു സാംസൺ നാല് സിക്സുകളും എട്ട് ഫോറുകളും ഉൾപ്പടെ 67 റൺസെടുക്കുകയായിരുന്നു.
15 പന്തിൽ 42 റൺസുമായി പുറത്താകാതെനിന്ന നമൻ ധീറിന്റെ പ്രകടനവും ഇന്ത്യൻ വിജയത്തില്‍ നിർണായകമായി. ശ്രേയസ് അയ്യർ (28 പന്തിൽ 42), അഭിഷേക് ശർമ (12 പന്തിൽ 29) എന്നിവരും ബാറ്റിങ്ങിൽ തിളങ്ങി. പരമ്പരയിലെ രണ്ടാം മത്സരം ശനിയാഴ്ച ക്രൈസ്റ്റ് ചർച്ചിൽ നടക്കും. ഇന്നിങ്സിലെ മൂന്നാം പന്തിൽ മാറ്റ് ഹെൻറിയെ ബൗണ്ടറി കടത്തിക്കൊണ്ടാണ് സഞ്ജു തുടങ്ങിയത്. ഇതേ ഓവറിൽ തന്നെ അഭിഷേക് സിക്സടിച്ചെങ്കിലും ആക്രമണത്തിന്റെ ചുമതല സഞ്ജു ഏറ്റെടുത്തു. മൂന്നാം ഓവറിൽ ലോക്കി ഫെർഗൂസനെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ കടത്തിയ സഞ്ജു, 23 പന്തുകളിൽനിന്നാണ് അർധ സെഞ്ചറി തികച്ചത്. 29 റൺസെടുത്ത അഭിഷേക് ശർമയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പവർപ്ലേയിൽ 94 റൺസ് കണ്ടെത്താൻ ഇന്ത്യയ്ക്കു സാധിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവീസ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 225 റൺസെടുത്തു. സ്വന്തം നാട്ടിൽ ന്യൂസീലൻഡിന്റെ ഉയർന്ന ട്വന്റി20 സ്കോറാണിത്. മധ്യനിര താരം ഗ്ലെൻ ഫിലിപ്സ് അർധ സെഞ്ചറി നേടി പുറത്താകാതെനിന്നു. 40 പന്തുകൾ നേരിട്ട ഗ്ലെൻ ഫിലിപ്സ് മൂന്ന് സിക്സുകളും എട്ട് ഫോറുകളും ഉൾപ്പടെ 82 റൺസാണു സ്കോർ ചെയ്തത്.




