യൂണിയനെന്നാൽ കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനത്തെ പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ
കൊച്ചി : കൊച്ചി മെട്രോയിൽ ആദ്യ തൊഴിലാളി യൂണിയൻ പ്രവർത്തനം ആരംഭിച്ചു. കൊച്ചി മെട്രോ എംപ്ലോയീസ് യൂണിയൻ എന്ന് പേരിട്ടിരിക്കുന്ന സംഘടനയുടെ ഉദ്ഘാടനം തൊഴിൽ മന്ത്രി ടി പി രാമകൃഷ്ണൻ നിർവ്വഹിച്ചു. യൂണിയനെന്നാൽ കൊടി പിടിച്ച് സമരം ചെയ്ത് സ്ഥാപനത്തെ പൂട്ടാനുള്ള ഒന്നാണെന്ന ചിന്ത മാറണമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ ഉദഘാടന വേളയിൽ പറഞ്ഞു.
എക്സിക്യൂട്ടീവ് വിഭാഗത്തിലെയും എക്സിക്യൂട്ടീവ് ഇതര വിഭാഗത്തിലെയും കെഎംആർഎൽ ജീവനക്കാരെ ഉൾപ്പെടുത്തിയാണ് ഇടത് ആഭിമുഖ്യമുള്ള സംഘടന രൂപീകരിച്ചിട്ടുള്ളത്. സിഐടിയു അഖിലേന്ത്യ സെക്രട്ടറി കെ ചന്ദ്രൻ പിള്ള യൂണിയന്റെ ലോഗോ പ്രകാശനം ചെയ്തു. സ്റ്റേഷൻ കണ്ട്രോളർ ജെ ജയലാലാണ് യൂണിയൻ പ്രസിഡന്റ്. സ്റ്റേഷൻ എഞ്ചിനീയർ എം എം സിബിയാണ് സെക്രട്ടറി. യൂണിയൻ വരുന്നതോടെ ഹർത്താൽ ദിവസങ്ങളിൽ മെട്രോ പ്രവർത്തനം നിലയ്ക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് നേതാക്കൾ പറഞ്ഞു.