തൃശൂരില്‍ ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതിയെ വെട്ടിക്കൊലപ്പെടുത്തി
തൃശൂര്‍: ജില്ലയില്‍ വീണ്ടും കൊലപാതകം. യുവാവിനെ ആളൊഴിഞ്ഞ പറമ്പിൽ വെട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി.
പഴയന്നൂര്‍ എളനാട് സ്വദേശി സതീഷ് എന്ന കുട്ടന് (38) ആണ് കൊല്ലപ്പെട്ടത്. ചേലക്കര പോലീസ് അന്വേഷണം ആരംഭിച്ചു.
പോക്സോ കേസില്‍ പ്രതിയായ സതീഷ് രണ്ടു മാസം മുന്‍പാണ് ജാമ്യത്തിലിറങ്ങിയത്. എട്ടു മാസം മുന്‍പ് പട്ടിക വര്‍ഗത്തില്‍പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാള്‍ അറസ്റ്റിലായത്. മലപ്പുറത്ത് ആയിരുന്ന സതീഷ് കഴിഞ്ഞ ദിവസമാണ് സ്ഥലത്തെത്തിയത്. ഈ പ്രദേശത്തുള്ള കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്.
സതീഷിനെ അന്വേഷിച്ച് മലപ്പുറത്തുനിന്ന് രണ്ടു പേര് വന്നിരുന്നതായി നാട്ടുകാര്‍ പറയുന്നു. ആളൊഴിഞ്ഞ പറമ്പിലെ വീടിന്റെ വരാന്തയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവടെ രാത്രികാലങ്ങളില്‍ മദ്യപസംഘം എത്തുന്നത് പതിവായിരുന്നുവെന്നും കഴിഞ്ഞ രാത്രികളിലും ബഹളം കേട്ടിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് തൃശൂരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായ പി.യു സനൂപ് കുത്തേറ്റ് മരിച്ചത്. കൊലയാളി സംഘത്തിലെ മുഖ്യപ്രതി നന്ദന് എന്നയാളെ പോലീസ് ഇന്നലെ പിടികൂടിയിരുന്നു. അഞ്ചു പേര് നേരിട്ട് കൊലപാതകത്തില്‍ പങ്കെടുത്തുവെന്നാണ് പോലീസിന് ലഭിക്കുന്ന സൂചന.