ദൃശ്യ കൊലപാതക കേസ്; പ്രതിയെ ദൃശ്യയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി
പെരിന്തല്‍മണ്ണ: യുവതിയെ വീട്ടില്‍ കയറി കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി വിനീഷ് വിനോദിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കൊല്ലപ്പെട്ട ദൃശ്യയുടെ ഏലംകുളത്തെ വീട്ടിലെത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുത്തത്. സംഭവ സ്ഥലത്ത് വന്‍ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ച കത്തി അന്വേഷണ സംഘം കണ്ടെത്തി ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിരുന്നു. പഴയ കത്തിയുമായാണ് ദൃശ്യയെ കൊലപ്പെടുത്താന്‍ പ്രതി വീട്ടിലെത്തിയത്. എന്നാല്‍, വീട്ടില്‍ നിന്നും കൈവശപ്പെടുത്തിയ മൂര്‍ച്ചയുള്ള കത്തി കൊണ്ടാണ് കൊലപാതകം നടത്തിയത്. പ്രതി കൊണ്ടുവന്ന പഴയ കത്തി കണ്ടെത്തേണ്ടതുണ്ട്. കൂടാതെ, കൊലപാതകത്തിന് ശേഷം ചെരുപ്പ് ഉപേക്ഷിച്ച ശേഷമാണ് പ്രതി ഓടി രക്ഷപ്പെട്ടത്. ഈ ചെരുപ്പും പൊലീസ് പരിശോധനയില്‍ കണ്ടെത്തണം.