രാജസ്ഥാൻ കോൺഗ്രസിൽ പ്രതിസന്ധി
ജയ്പൂർ: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു പിന്നാലെ പ്രതിസന്ധിയിലായി രാജസ്ഥാൻ കോൺഗ്രസ്. മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു നീക്കണമെന്ന ആവശ്യവുമായി വിവിധ കോൺഗ്രസ് എംഎൽഎമാർ രംഗത്തെത്തി. ഉപമുഖ്യമന്ത്രിയായ സച്ചിൻ പൈലറ്റിന് അധികാരം കൈമാറണം എന്നതാണ് എംഎൽഎമാരുടെ അഭിപ്രായം.
‘നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ അധികാരത്തിലേക്ക് നയിച്ച പിസിസി പ്രസിഡന്റാണ് സച്ചിൻ. ചെറുപ്പകാരനായ മുഖ്യമന്ത്രിക്ക് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കും.’ – ടോഡഭീമിൽ നിന്നുള്ള എംഎൽഎയായ പൃഥ്വിരാജ് മീണ പറഞ്ഞു. ജാതി സമവാക്യങ്ങൾക്കു നിർണായക സ്വാധീനമുള്ള സംസ്ഥാന രാഷ്ട്രീയത്തിൽ ജാട്ട്, ഗുജ്ജർ സമുദായങ്ങളെ ഒന്നിച്ചുനിർത്താൻ ഗെലോട്ടിന് ഇനി സാധിക്കുമെന്നു കരുതുന്നില്ലെന്നും മീണ സമുദായത്തിൽ നിന്നുള്ള പൃഥ്വിരാജ് പറഞ്ഞു. മന്ത്രിമാരായ രമേശ് മീണ, ഉദയ് ലാൻ അഞ്ജന എന്നിവരും ഗെലോട്ടിനെതിരെ രംഗത്തെത്തി.