ഗാംഗുലി നൽകിയ പിന്തുണ ധോണിയിൽ നിന്നും കൊഹ്ലിയിൽ നിന്നും കിട്ടിയിട്ടില്ല; യുവരാജ്
മുംബൈ: ക്യാപ്റ്റനെന്ന നിലയിൽ സൗരവ് ഗാംഗുലി തന്ന പിന്തുണ പിന്നീട് ക്യാപ്റ്റൻമാരായ മഹേന്ദ്രസിങ് ധോണിയോ വിരാട് കോലിയോ തനിക്കു നൽകിയിട്ടില്ലെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിങ്. ഇക്കൂട്ടത്തിൽനിന്ന് ആരാണ് മികച്ച ക്യാപ്റ്റനെന്ന് തിരഞ്ഞെടുക്കാൻ പ്രയാസമാണെങ്കിലും കളത്തിലും പുറത്തും തനിക്ക് കൂടുതൽ നല്ല ഓർമകൾ ബാക്കിനിൽക്കുന്നത് ഗാംഗുലിക്കു കീഴിലാണെന്ന് യുവി വെളിപ്പെടുത്തി. സൗരവ് ഗാംഗുലിയോടുള്ള പ്രിയം പരസ്യമായി പ്രഖ്യാപിച്ച് യുവരാജ് സിങ് രംഗത്തെത്തുന്നത് ഇതാദ്യമല്ല. അർബുദത്തിന്റെ പിടിയിൽനിന്ന് മോചിതനായി ദേശീയ ടീമിലേക്കു തിരിച്ചെത്താൻ ശ്രമിക്കുന്ന കാലത്ത് തനിക്കുണ്ടായ അനുഭവം വേദനിപ്പിക്കുന്നതാണെന്ന് അടുത്തിടെ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
‘സൗരവ് ഗാംഗുലി ക്യാപ്റ്റനായിരിക്കെ ഞാൻ അദ്ദേഹത്തിനു കീഴിൽ കളിച്ചിട്ടുണ്ട്. അദ്ദേഹം എനിക്ക് വളരെയെധികം പിന്തുണയും നൽകിയിട്ടുണ്ട്. അതിനുശേഷം മഹേന്ദ്രസിങ് ധോണി ക്യാപ്റ്റനായി വന്നു. ഇവരിലാരാണ് മികച്ച ക്യാപ്റ്റനെന്ന് തിരഞ്ഞെടുക്കാൻ എന്നെ സംബന്ധിച്ച് ബുദ്ധിമുട്ടാണ്. പക്ഷേ, ഗാംഗുലി നൽകിയ പിന്തുണയും സഹായവും പരിഗണിച്ചാൽ എന്റെ കരിയറിലെ നല്ല ഓർമകളിലധികവും അദ്ദേഹത്തിന്റെ കീഴിൽ കളിച്ച കാലത്താണ്. ഗാംഗുലി നൽകിയ പിന്തുണ പിന്നീട് ധോണിയിൽനിന്നോ കോലിയിൽനിന്നോ എനിക്കു ലഭിച്ചിട്ടില്ല’ – യുവരാജ് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.