പേസ് ബൗളിംഗ് അക്കാദമി തുടങ്ങണമെന്നു ഡിണ്ട
ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും ഗെയിമില്‍ നിന്ന് പൂര്‍ണ്ണമായി മാറിനില്‍ക്കില്ലെന്ന് ബംഗാള്‍ പേസര്‍ അശോക് ഡിണ്ട.
പേസ് ബൗളിംഗ് അക്കാദമി തുടങ്ങണ മെന്നും ഡിണ്ട അറിയിച്ചിരിക്കുന്നത്. ട്രോളുകളിലൂടെ ഡിണ്ട അക്കാദമി ഓഫ് പേസ് ബൗളിംഗ് പ്രശസ്തമാണെന്നും ആ പേരില്‍ തന്നെ അക്കാദമി തുടങ്ങുമെന്നും താരം വ്യക്തമാക്കി.
"ഞാന്‍ ക്രിക്കറ്റ് വിട്ടെങ്കിലും ഈ ഗെയിം എന്നില്‍ എപ്പോഴും ഉണ്ടാവും. ഇപ്പോള്‍ ഞാന്‍ ഇത് ആസ്വദിക്കും. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒരുപാട് സമ്മര്‍ദ്ദം ഞാന്‍ അനുഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ തലവേദനയില്ല. അതുകൊണ്ട് ഞാന്‍ ഇനി ഇത് ആസ്വദിക്കും. മാത്രമല്ല, 'ഡിണ്ട അക്കാദമി ഓഫ് പേസ് ബൗളിംഗ്' എന്ന പേരില്‍ ഒരു സമൂഹമാധ്യമ പേജ് ഇപ്പോള്‍ നിലവിലുണ്ട്. അതുകൊണ്ട് തന്നെ ആ പേരില്‍ ഒരു അക്കാദമി തുടങ്ങിയാല്‍ എന്താണ് പ്രശ്നം എന്നാണ് ഞാന്‍ ചിന്തിക്കുന്നത്. ആ പേര് ഇപ്പോഴേ പ്രശസ്തമാണ്. അതിനാല്‍, ഡിണ്ട അക്കാദമി തുടങ്ങാന്‍ പദ്ധതിയുണ്ട്. കുട്ടികള്‍ക്ക് വന്ന് ക്രിക്കറ്റ് പഠിക്കുന്ന ഒരു അക്കാദമിയാവും. എല്ലാ സൗകര്യങ്ങളും അവര്‍ക്ക് ഉണ്ടാവും. 24 മണിക്കൂറും സേവനം ഉണ്ടാവും. ഇതുവരെ ഒരു തീരുമാനത്തില്‍ എത്തിയിട്ടില്ല. എങ്കിലും വിരമിക്കലിനു ശേഷമുള്ള പദ്ധതികളില്‍ ഒന്നാണ് ഇത്. വരും മാസങ്ങളില്‍ ഇതേപ്പറ്റി എല്ലാവരും അറിയും."- താരം പറഞ്ഞു.