ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിന്റെ സ്ത്രീ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി ചൊവ്വാഴ്ച മുതല്‍ ഡല്‍ഹിയിലെ സര്‍ക്കാര്‍ ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര. ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (ഡി.ടി.സി) ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമാണ് വനിതകള്‍ക്ക് സൗജന്യമായി യാത്ര ചെയ്യാന്‍ കഴിയുക. തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ ഓരോന്നായി പാലിക്കുന്നത്.
'ഡല്‍ഹിയ്ക്ക് ഇത് ചരിത്ര നിമിഷം. 29.10.2019 മുതല്‍ ഡല്‍ഹിയിയില്‍ സ്ത്രീകള്‍ സൗജന്യമായി ബസ്സില്‍ യാത്ര ചെയ്യും. ബസ്സില്‍ യാത്ര ചെയ്യുന്ന വനിതകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വം നിലകൊള്ളുന്നു.' - ഗതാഗതമന്ത്രി കൈലാഷ് ഗഹ്ലോട്ട് പറഞ്ഞു.
ബസുകളില്‍ സ്ത്രീസുരക്ഷ ഉറപ്പാക്കാന്‍ ബസ് മാര്‍ഷലുകളേയും സര്‍ക്കാര്‍ നിയോഗിച്ചു. ഡി.ടി.സി. ബസുകളിലും ക്ലസ്റ്റര്‍ ബസുകളിലുമായി 13,000 മാര്ഷലുകളുണ്ടാവും. തലസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം വര്‍ധിച്ചുവരുന്നതായുള്ള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് മാര്‍ഷലുകളെ ഇറക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. ഡി.ടി.സി ബസുകളിലെ 30 ശതമാനത്തോളം യാത്രികരും സ്ത്രീകളാണ്. നോയിഡ-എന്‍.സി.ആര് സര്‍വിസുകളിലും എയര്‍പോര്‍ട്ട് ഉള്‍പ്പടെയുള്ള പ്രത്യേക സര്‍വീസുകളിലും സൗജന്യ യാത്ര ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതി പ്രകാരം കണ്ടക്ടര്‍മാര്‍ 10 രൂപയുടെ പിങ്ക് ടിക്കറ്റ് യാത്രക്കാരായ വനിതകള്‍ക്ക് നല്‍കും. നല്കിയ ടിക്കറ്റുകളുടെ കണക്ക് പരിശോധിച്ച് സര്‍ക്കാര്‍ ട്രാന്‍സ്പോര്‍ട്ടേഴ്സിന് പണം നല്‍കും. 3,700 ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് ബസ്സുകളും 1,800 മറ്റ് ബസുകളും ചേര്‍ന്നതാണ് ഡല്‍ഹി ഇന്റഗ്രേറ്റഡ് മള്‍ട്ടി മോഡല്‍ ട്രാന്‍സിറ്റ് സിസ്റ്റം.
കഴിഞ്ഞ ജൂണിലാണ് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഓഗസ്റ്റ് 29-ന് പദ്ധതിക്ക് ഡല്‍ഹി മന്ത്രിസഭ അനുമതി നല്കി. സൗജന്യ യാത്ര പദ്ധതി നടപ്പാക്കാന്‍ 290 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വകയിരുത്തിയത്. ഇതില്‍ 90 കോടിയോളം രൂപയാണ് ഡി.ടി.സിക്കും 50 കോടി രൂപയാണ് ക്ലസ്റ്റര്‍ ബസുകള്‍ക്കുമായി ലഭിക്കുക. 150 കോടി രൂപ ഡല്‍ഹി മെട്രോയുടെ വിഹിതമാണ്. ഡല്‍ഹി മെട്രോ ട്രെയിനില്‍ പദ്ധതി നടപ്പാക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല.
അതേസമയം, സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായ വനിതകള്‍ സൗജന്യ യാത്രാ സംവിധാനം ഉപയോഗിക്കുകയാണെങ്കില്‍ ട്രാന്‍സ്പോര്‍ട്ട് അലവന്‍സ് ലഭിക്കില്ല.