ഭര്‍തൃഗൃഹത്തില്‍ യുവതിയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി
തിരുവനന്തപുരം: കല്ലമ്പലത്ത് ഒന്നരമാസം മുമ്പ് വിവാഹിതയായ യുവതിയെ കഴുത്തറുത്ത് മരിച്ചനിലയില്‍ കണ്ടെത്തി. മുത്താന ഗുരുമുക്കിന് സമീപം സുനിതാ ഭവനില്‍ ആതിര(24)യെയാണ് ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച രാവിലെ 11. 45നാണ് ആതിരയെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 8 മണിക്ക് ആതിരയുടെ ഭര്‍ത്താവ് ശരത് അച്ഛനുമായി കൊല്ലത്തെ ആശുപത്രിയില്‍ പോയിരുന്നു.
10 മണിയോടെ വെന്നിയൊടു താമസിക്കുന്ന ആതിരയുടെ അമ്മ മകളെ കാണാന്‍ എത്തിയെങ്കിലും വീട്ടില്‍ ആരെയും കണ്ടില്ല.ശരത് എത്തിയ ശേഷം വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ ശുചിമുറി അകത്തുനിന്നും കുറ്റി ഇട്ടിരിക്കുന്നതായി കണ്ടു.
വാതില്‍ ചവിട്ടി തുറന്നപ്പോഴാണ് ആതിരയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡോഗ് സ്ക്വഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി. വിവാഹത്തിന് മുന്‍പാണ് ശരത് വിദേശത്തുനിന്നും നാട്ടിലെത്തിയത്.