അഭിഭാഷക ദമ്പതികളെ നടുറോഡില്‍ വെട്ടിക്കൊന്നു
ഹൈദരാബാദ്: തെലങ്കാനയില്‍ സര്‍ക്കാരിനെതിരെ കേസുകള്‍ നടത്തുന്ന അഭിഭാഷക ദമ്ബതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആര്‍എസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതോടെ വന്‍ രാഷ്ട്രീയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ടിആര്‍എസ് മുന്‍ നേതാവ് കുന്ത ശ്രീനിവാസിനെയും മറ്റ് രണ്ടുപേരെയും മഹാരാഷ്ട്രയിലെ ചന്ദ്രാപൂരില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുന്‍പാണ് പാര്‍ട്ടിയില്‍ നിന്ന് കുന്ത ശ്രീനിവാസിനെ പുറത്താക്കിയത്.
പെഡപ്പള്ളി ജില്ലയില്‍ ബുധനാഴ്ച ഉച്ചയോടെയാണ് തെലങ്കാനയില്‍ രാഷ്ട്രീയ കൊടുങ്കാറ്റായി മാറിയ ഇരട്ട കൊലപാതകം നടന്നത്. സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള കേസുകളും പൊതു താല്പര്യ ഹര്‍ജികളും നല്കി ശ്രദ്ധേയരായ ഗുട്ടു വാമന്‍ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഹൈദരാബാദില്‍ നിന്നും ജന്മനാടായ മാന്താനിയിലേക്ക് പോകുന്നതിനിടെ രാമഗിരി എന്ന സ്ഥലത്തു വച്ചു മറ്റൊരു കാറിലെത്തിയ സംഘം കൊടുവാള് ഉപയോഗിച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. -
കാറില്‍ നിന്നു പിടിച്ചിറക്കി നിറയെ വാഹനങ്ങള്‍ കടന്നു പോകുന്ന ഹൈവേയില്‍ ഇട്ടായിരുന്നു കൊലപാതകം. ഉടന്‍ തന്നെ അക്രമികള്‍ മറ്റൊരു കാറില്‍ കയറി രക്ഷപെടുകയും ചെയ്തു. അതേസമയം കൊലപാതകത്തിന് പിന്നില്‍ ഭരണകക്ഷിയായ ടിആര്‍എസ് ആണെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം ആരോപിച്ചു. ടിആര്‍എസ് ഭരിക്കുന്ന മാന്താനി ജില്ലാ പരിഷത്ത് പ്രസിഡന്റിന് എതിരെ ദമ്ബതികള്‍ തെലങ്കാന ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു.