പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ശീതകാല സമ്മേളനം ഡിസംബര്‍ 13 വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. സഭ 26 ദിവസങ്ങളിലായി 20 സിറ്റിംഗുകളാണ് നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഇതില്‍ അംഗങ്ങള്‍ക്കായുള്ള 4 ദിവസം പ്രത്യേക ദിവസങ്ങളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
സഭയില്‍ അവതരിപ്പിക്കാനിരിക്കുന്ന സുപ്രധാന ബില്ലുകളിലൊന്ന് ദേശീയ പൗരത്വ ബില്ലാണ്. ഇതു പ്രകാരം 2014 ഡിസംബര്‍ 31 നുള്ളില്‍ ഇന്ത്യയിലേക്ക് കുടിയേറിയ അയല്‍രാജ്യങ്ങളിലെ പൗരന്മാരുടെ പൗരത്വം തീരുമാനിക്കപ്പെടും. ഇതു പ്രകാരം പാകിസ്ഥാന്, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയില്‍ അഭയം പ്രാപിച്ചിരിക്കുന്ന അമുസ്ലിംങ്ങളായ പൗരന്മാരെ പരിഗണിക്കുന്ന വിഷയത്തില്‍ തീരുമാനമാകും.
സഭയില്‍ അവതരിപ്പിക്കുന്ന മറ്റ് പ്രമുഖ ബില്ലുകളില്‍ വ്യക്തി വിവര സംരക്ഷണ ബില്ല്, സമുദ്ര സുരക്ഷയെ സംബന്ധിച്ച ബില്ല്, ഭിന്നലിംഗ വ്യക്തിത്വ സംരക്ഷണം എന്നിവ ഉള്ളതായാണറിവ്. ആകെ 47 ബില്ലുകളാണ് പരിഗണനക്കായുള്ളത്. സമ്മേളനത്തിന് മുന്നോടിയായുള്ള സര്‍വ്വകക്ഷി യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തിരുന്നു. എല്ലാ പ്രസ്ഥാനങ്ങളും നാടിന്റെ പൊതുവികസനത്തിനെ ത്വരിതപ്പെടുത്തുന്ന വിഷയങ്ങളെ ഒത്തുചേര്‍ന്ന് നടപ്പാക്കാന്‍ സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഇതിന് പുറമേ രാജ്യസഭയിലെ നേതാക്കന്മാരുടെ യോഗം ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ വെങ്കയ്യ നായിഡുവിന്റെ അധ്യക്ഷതയില്‍ പ്രത്യേകം നടന്നു.