ഞായറാഴ്ച ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായും പാലിക്കണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ഞായറാഴ്ചകളില്‍ സമ്പൂർണ ലോക്ക്ഡൗണ്‍ ആയിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍, പാല്, ആശുപത്രി, ലാബ്, മെഡിക്കല്‍ ഷോപ്പുകള്‍, കോവിഡുമായി ബന്ധപ്പെട്ട വകുപ്പുകള്‍, മാലിന്യനിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട ഏജന്‍സികള്‍ എന്നിവയെ ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്ക് പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാകും സഞ്ചാര സ്വാതന്ത്ര്യം. ഹോട്ടലുകളില്‍ പാഴ്സല്‍ നല്കാന് അനുമതിയുണ്ട്.
സംസ്ഥാനത്ത് ഇന്ന് പുതുതായി 2 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ നിലവിലെ കൊവിഡ് രോഗികളുടെ എണ്ണം 17 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ച രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരാണ്. ഒരാള്‍ കോഴിക്കോടും ഒരാള്‍ കൊച്ചിയിലും ചികിത്സയിലാണ്. ഒരാള്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. കഴിഞ്ഞ ദിവസം ഒരാള്‍ക്കായിരുന്നു സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ 505 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 17 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. 23930 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.