സുശാന്തിന്റെ മരണം, ലഹരിമരുന്ന് കേസില്‍ നടന്റെ സഹായിയും അറസ്റ്റില്‍
മുംബയ്: നടന് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. സുശാന്തിന്റെ വീട്ടുജോലിക്കാരനായ ദീപേഷ് സാവന്തിനെയാണ് നര്‍ക്കോട്ടിക്ക്സ് സംഘം അറസ്റ്റ് ചെയ്തത്. സുശാന്തിന്റെ മരണവും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടത്തുന്ന മൂന്നാമത്തെ അറസ്റ്റാണിത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും നര്‍ക്കോട്ടിക്ക്സ് സംഘം അറിയിച്ചു.
സുശാന്തിന്റെ ഫ്ലാറ്റിന് താഴെയുളള ഒരു മുറിയിലാണ് ദീപേഷ് താമസിച്ചിരുന്നത്. ജൂണ്‍ 14ന് സുശാന്തിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നതു വരെ ഇയാള്‍ സുശാന്തിനൊപ്പമുണ്ടായിരുന്നു. ദീപേഷിനെ ചോദ്യം ചെയ്യുന്നതിലൂടെ കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കേസുമായി ബന്ധപ്പെട്ട് സുശാന്തിന്റെ കാമുകി റിയ ചക്രബര്‍ത്തിയുടെ സഹോദരന് ഷൗബിക് ചക്രബര്‍ത്തിയേയും സുശാന്തിന്റെ മാനേജര്‍ സാമുവല്‍ മിരാന്‍ഡയേയും നാര്‍കോട്ടിക്സ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
മയക്കുമരുന്ന് ശേഖരിക്കുന്നതിനും കെെകാര്യം ചെയ്തതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. മൊഴികളുടെയും സാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും നാളെ കോടതിയില്‍ ഹാജരാക്കുമെന്നും നര്‍ക്കോട്ടിക്ക്സ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.എസ് മല്‍ഹോത്ര മാദ്ധ്യമങ്ങളോട് പറഞ്ഞു.