പാലാരിവട്ടം പാലം പുതുക്കി പണിയാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പാലാരിവട്ടം പാലം പുതുക്കി പണിയാമെന്ന് സുപ്രീംകോടതി. സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു. ഭാരപരിശോധന വേണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.
പൊതുതാല്പര്യം കണക്കിലെടുത്ത് സര്‍ക്കാറിന് മുന്നോട്ടുപോകാമെന്നും കോടതി വ്യക്തമാക്കി. പാലാരിവട്ടം പാലം സംബന്ധിച്ച ഉന്നതാധികാര സമിതിയുടെ കണ്ടെത്തല്‍ കോടതി ശരിവെക്കുകയും ചെയ്തു.
പാലം അടച്ചതുമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം കേരള സര്‍ക്കാറിനു വേണ്ടി ഹാജരായ അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. നിലവിലുള്ള പാലം പൊളിച്ച് പുനര്‍നിര്‍മിക്കാനുള്ള മുന്‍ ഡി.എം.ആര്.സി ചെയര്മാന് ഇ. ശ്രീധരന്റെ ശിപാര്‍ശയും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.