പബ്ജി മൊബൈല്‍ ഇന്ത്യയില്‍ തിരികെ എത്തുന്നു; ഔദ്യോഗിക പ്രഖ്യാപനവുമായി അധികൃതര്‍
ന്യൂഡല്‍ഹി: ടെന്‍സെന്റ് ഗെയിംസിൻറെ ഉടമസ്ഥതയിലുണ്ടായിരുന്ന പബ്ജി ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. പബ്ജി ഇന്ത്യ എന്ന പേരില്‍ പുതിയ ഗെയിമായാണ് ഇക്കുറി വരവ്. ഇന്ത്യന്‍ മാര്ക്കറ്റിനായാണ് ഗെയിം വികസിപ്പിച്ചിരിക്കുന്നതെന്നും കമ്പനിയുടെ നിര്‍മാതാക്കള്‍ അറിയിച്ചു.
സുരക്ഷ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിച്ചാണ് ഗെയിം വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യ സര്‍ക്കാറിൻറെ എല്ലാ നിര്‍ദേശങ്ങളും പാലിക്കുമെന്നും ഗെയിം പ്ലേയില്‍ ഇന്ത്യക്കായുള്ള മാറ്റങ്ങളുമുണ്ടാവുമെന്നും കമ്പനി വ്യക്തമാക്കി.
ഇന്ത്യയില്‍ പ്രാദേശിക ഓഫീസ് തുടങ്ങുമെന്നും 100ഓളം ജീവനക്കാരെ ഇവിടെ നിയമിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് പബ്ജി നിരോധിക്കുന്നത്. തുടര്‍ന്ന് ഒക്ടോബറോടെ പബ്ജി ഇന്ത്യയില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങി.