കേരള കോണ്‍ഗ്രസിനു നല്കിയ മുഴുവന്‍ സീറ്റും വേണമെന്ന് പി.ജെ.ജോസഫ്
ഇടുക്കി: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എമ്മിനു നല്കിയ എല്ലാ സീറ്റുകളും ഇത്തവണയും ലഭിക്കണമെന്ന് പി.ജെ.ജോസഫ്. ജോസ് കെ. മാണി വിഭാഗം പുറത്ത് പോയ സ്ഥിതിയ്ക്ക് മുമ്ബ് കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച എല്ലാ സീറ്റുകളും ജോസഫ് പക്ഷത്തിന് അവകാശപ്പെട്ടതാണെന്നും കൂടുതല്‍ സീറ്റുകള്‍ ചോദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച സീറ്റുകളില്‍ യു.ഡി.എഫില്‍ നിന്ന് ജോസഫ് പക്ഷം തന്നെ മത്സരിക്കുന്നതാണ് ഉചിതമെന്നും വിജയ സാധ്യതയാണ് പരിഗണിക്കേണ്ടതെന്നും പി. ജെ ജോസഫ് പറഞ്ഞു. ജോസ് പക്ഷത്ത് നിന്ന് നിരവധി നേതാക്കള്‍ ഇപ്പോള്‍ തങ്ങള്‍ക്കൊപ്പം ചേര്‍ന്നു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"നേരത്തെ കേരള കോണ്‍ഗ്രസ് (എം) മത്സരിച്ച സീറ്റുകളില്‍ കേരള കോണ്‍ഗ്രസ് തന്നെ മത്സരിക്കുന്നതാണ് ഉചിതം. ജോസ് കെ.മാണിയെ പരാജയപ്പെടുത്തും. മുതിര്‍ന്ന നേതാക്കള്‍ അടക്കം ഞങ്ങള്‍ക്കൊപ്പമാണ്. ഇടയ്ക്കിടെ അര്‍ത്ഥശൂന്യമായ പ്രസ്താവനകള്‍ നടത്തുന്ന റോഷി അഗസ്റ്റിന് മാത്രമാണ് ജോസ് കെ.മാണിക്കൊപ്പമുള്ളത്. ജോസ് കെ.മാണിയുടെ കുഴലൂത്തുകാരനായി അദ്ദേഹം മാറി. ദിശാബോധമില്ലാതെ ഒഴുകി നടക്കുന്ന ഒരു ഗ്രൂപ്പാണ് ജോസ് കെ.മാണിയുടേത്," ജോസഫ് പറഞ്ഞു.