ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ മടിക്കില്ല; പുതിയ കരസേനാമേധാവി നരവണെ
ന്യൂഡൽഹി : പാകിസ്താന് മുന്നറിയിപ്പുമായി പുതിയ കരസേനാ മേധാവി ജനറൽ മനോജ് മുകുന്ദ് നരവണെ. ഇന്ത്യയുടെ 28-ാമത്തെ കരസേനാമേധാവിയായി ചൊവ്വാഴ്ച രാവിലെ ചുമതലയേറ്റതിനുപിന്നാലെയാണ് ഈ പ്രസ്താവന. തീവ്രവാദപ്രവർത്തനത്തിന് സഹായംനൽകുന്നത് നിർത്തിയില്ലെങ്കിൽ പാകിസ്താനിലെ ഭീകരപരിശീലന കേന്ദ്രങ്ങളിൽ മുൻകരുതലെന്നനിലയിൽ ആക്രമണം നടത്താൻ മടിക്കില്ലെന്ന് അദ്ദേഹം സൂചന നൽകി.
പുതിയ മേധാവിയുടെ കീഴിൽ കരസേന കൂടുതൽ ഉയരങ്ങളിലെത്തുമെന്ന് സ്ഥാനമൊഴിഞ്ഞ കരസേനാമേധാവി ജനറൽ ബിപിൻ റാവത്ത് ഗാർഡ് ഓഫ് ഓണറിനുശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യം നേരിടുന്ന സുരക്ഷാഭീഷണിയെല്ലാം നേരിടാൻ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ മൂന്നുവർഷം തന്നെ പിന്തുണച്ച സേനാംഗങ്ങൾക്കും കുടുംബങ്ങൾക്കും റാവത്ത് നന്ദി പറഞ്ഞു.