ഏഴ് മാസത്തിനു ശേഷം സിനിമാ തിയ്യറ്ററുകള്‍ തുറക്കുന്നു
ന്യൂഡല്‍ഹി: ഏഴ് മാസത്തിനു ശേഷം രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ സിനിമാതിയ്യറ്ററുകള്‍ ഇന്ന് മുതല്‍ തുറന്നുപ്രവര്‍ത്തിക്കും. 50 ശതമാനം ഇരിപ്പിടങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുവദിക്കൂ. മറ്റുള്ളവ സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ഒഴിച്ചിടും.
ഗാസിയാബാദിലെയും ഗുരുഗ്രാമിലെയും ചെന്നൈയിലെയും ഡല്‍ഹിയിലെയും തിയ്യറ്ററുകളും തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
സിനിമാതിയ്യറ്ററുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ ആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. അതനുസരിച്ച് സാമൂഹിക അകലം പാലിച്ചും ഹാളുകള്‍ സാനിറ്റൈസ് ചെയ്തുമായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. പേപ്പര്‍ ടിക്കറ്റുകള്‍ ഒഴിവാക്കണം, 50 ശതമാനം ശേഷി മാത്രമേ ഉപയോഗിക്കാവൂ, ബാക്കി ഒഴിച്ചിടണം.
സിനമാ തിയ്യറ്ററുകളിലെ ജീവനക്കാരും പ്രോട്ടോകോള്‍ പാലിക്കണം.
ഒക്ടോബര്‍ 15 മുതലാണ് തിയ്യറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കിയിട്ടുള്ളത്. ഏതൊക്കെ തിയ്യറ്ററുകള്‍ എവിടെയൊക്കെ തുറക്കാമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണ അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. അതുകൊണ്ടുതന്നെ പല സംസ്ഥാനങ്ങളും തിയ്യറ്ററുകള്‍ തുറക്കേണ്ടെന്ന നിലപാടിലാണ്. കേരളം ഇതുവരെയും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല.