ഐഡിയ വോഡഫോണ്‍ കമ്പനികളെ പിന്നിലാക്കി വരിക്കാരുടെ എണ്ണത്തില്‍ ജിയോ ഒന്നാമത്
മുംബൈ: വരിക്കാരുടെ എണ്ണത്തില്‍ ഐഡിയ-വോഡഫോണ്‍ കമ്പനികളെ പിന്നിലാക്കി റിലയന്‍സ് ജിയോ ഒന്നാമതെത്തി. രണ്ട് ടെലികോം കമ്പനികളും പുറത്തുവിട്ട രണ്ടാംപാദ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തില്‍ തങ്ങളുടെ ഉപയോക്താക്കളുടെ എണ്ണം 32 കോടിയിലേക്ക് ഇടിഞ്ഞതായി വെള്ളിയാഴ്ച വോഡഫോണ്‍-ഐഡിയ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.അതേസയം ജിയോ കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തിന്റെ അവസാനത്തോടെ ജിയോയുടെ ഉപയോക്താക്കളുടെ എണ്ണം 33.13 കോടിയാണ്. അതായത് ജിയോ മുൻനിരയിൽ എത്തിയിരിക്കുകയാണ്.
2019 മേയില്‍ ട്രായ് പുറത്തുവിട്ട കണക്കുകളനുസരിച്ച് ജിയോ എയര്‍ടെലിനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. എയര്‍ടെലിന് 32.03 കോടി ഉപയോക്താക്കളുണ്ടായിരുന്നപ്പോള്‍ ജിയോ 32.29 കോടയിലേക്ക് ഉയര്‍ന്നു.ഇന്ത്യന്‍ ടെലികോം വിപണിയില്‍ ജിയോയുടെ വരവിന് മുമ്പ് രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ടായിരുന്ന കമ്പനികളാണ് ഐഡിയയും വോഡഫോണും. എയര്‍ടെല്‍ ആയിരുന്നു മുന്നില്‍. എന്നാല്‍ ജിയോയുടെ വരവോടെ ഈ മൂന്ന് കമ്പനികളുടെ സ്ഥിതി മോശപെടുകയായിരുന്നു.
വന്‍ ഓഫറുകളില്‍ ഉപയോക്താക്കള്‍ അതിവേഗം ആകര്‍ഷിച്ച ജിയോയ്ക്ക് മുന്നില്‍ പിടിച്ചുനില്ക്കാന് വോഡഫോണും ഐഡിയിയും ലയിക്കുകയാണെന്നും ഒരു കമ്പനിയായി പ്രവര്‍ത്തനം തുടരുമെന്നും പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെയാണ് വോഡഫോണ്‍ ഐഡിയ എയര്‍ടെലിനെ പിന്നിലാക്കി ഉപയോക്താക്കളുടെ എണ്ണത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഒന്നാമതെത്തിയത്.വൊഡാഫോണിന്റെ ഉപയോക്താക്കളുടെ എണ്ണം 33.41 കോടിയില്‍ നിന്നാണ് 32.0 കോടിയിലേക്ക് താഴ്ന്നത്.