ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് റെയിൽവേയും വിമാനകമ്പനികളും ആരംഭിച്ചു
ന്യൂഡൽഹി: കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗൺ ഏപ്രിൽ 14ന് അവസാനിക്കാനിരിക്കെ, ഇന്ത്യൻ റെയിൽവേയും സ്വകാര്യ വിമാനകമ്പനികളും ഏപ്രിൽ 15 മുതലുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. ലോക്ഡൗൺ നീട്ടില്ലെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചതിനു പിന്നാലെയാണിത്. ഏപ്രിൽ 14ന് അപ്പുറത്തേക്ക് ലോക്ഡൗൺ നീട്ടില്ലെന്ന് കേന്ദ്രത്തിൽ നിന്ന് സൂചന ലഭിച്ചതിനാൽ ബുക്കിങ് ആരംഭിച്ചുവെന്ന് വെസ്റ്റേൺ റെയിൽവേയുടെ അഹമ്മദാബാദ് ഡിവിഷനിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇൻഡിഗോ, ഗോ എയർ, സ്പൈസ്ജെറ്റ് എന്നീ വിമാനകമ്പനികളാണ് ആഭ്യന്തര സർവീസുകൾക്കായി ബുക്കിങ് ആരംഭിച്ചത്. എന്നാൽ, വിമാനകമ്പനികൾ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ലോക്ഡൗണ്‍ നീളുമെന്ന അഭ്യൂഹം തെറ്റാണെന്ന് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.