കടയ്ക്കലിലെ പോലീസുകാരന്റെ മരണം; മദ്യപ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
കൊല്ലം | കടയ്ക്കലില്‍ പോലീസുകാരന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലംഗ മദ്യപ സംഘത്തില്‍ പെട്ട വിഷ്ണു എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇവര്‍ കഴിച്ചത് സ്പിരിറ്റാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി സ്പിരിറ്റ് എത്തിച്ചത് വിഷ്ണുവാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. ഇതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്പിരിറ്റിന്റെ ഉറവിടം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
മരിച്ച പോലീസുകാരന് കടയ്ക്കല്‍ ചെളിക്കുഴി സ്വദേശി അഖിലിനു പുറമെ, സുഹൃത്തുക്കളായ ഗിരീഷ്, ശിവപ്രിയന്‍, വിഷ്ണു എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ഇവരില്‍ ഗിരീഷും ശിവപ്രിയനും തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായി
കൊല്ലം റൂറല്‍ എസ് പി. ഹരിശങ്കര്‍ പറഞ്ഞു.
മലപ്പുറം ഐ ആര് ബറ്റാലിയനിലെ പൊലീസ് ഉദ്യോഗസ്ഥനും കടക്കല്‍ ചെളിക്കുഴി സ്വദേശിയുമാണ് മരിച്ച അഖില്‍. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി അവശനിലയിലായ അഖിലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.