അരുണാചലിന് സമീപം മൂന്ന് ഗ്രാമങ്ങള്‍ നിര്‍മ്മിച്ച് ചൈന
ഇന്ത്യന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പടിഞ്ഞാറന്‍ അരുണാചല്‍ പ്രദേശിന് സമീപം ചൈന മൂന്നോളം ഗ്രാമങ്ങള്‍ നിര്‍മിച്ചതായി റിപ്പോര്‍ട്ട്. ഇവിടങ്ങളിലേക്ക് താമസക്കാരെ എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇന്ത്യ, ഭൂട്ടാന്, ചൈന അതിര്‍ത്തികള്‍ സംഗമിക്കുന്ന 'മുക്കവലയുടെ' അടുത്തുള്ള ബുംലാ ചുരത്തിന് 5 കിലോമീറ്റര്‍ അപ്പുറം ചൈനാ മേഖലയിലാണു ഗ്രാമങ്ങള്‍. ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഈ മേഖലയില്‍ കൂടുതല്‍ മേധാവിത്വം നേടുന്നതിനാണ് ചൈനയുടെ പുതിയ നിര്‍മിതിയെന്നാണ് വിലയിരുത്തല്‍.
കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ -ചൈന സേനകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായപ്പോഴാണ് ഇവ നിര്‍മിച്ചതെന്നു കരുതുന്നു. 2020 ഫെബ്രുവരി - നവംബര്‍ മാസത്തിനുള്ളിലാണ് മൂന്ന് ഗ്രാമങ്ങളും ചൈന നിര്‍മിച്ചതെന്നാണ് സൂചന. എണ്‍പതോളം നിര്‍മിതികളും വെള്ളം, വൈദ്യുതി, ഇന്റര്‍നെറ്റ് സൗകര്യങ്ങളുമുണ്ടെന്നും സംശയമുണ്ട്. പലതും ചുവന്ന മേല്ക്കൂരയോടു കൂടിയ വീടുകളാണ്. ഗ്രാമങ്ങളെ ബന്ധിപ്പിച്ചു ടാറിട്ട റോഡുകളുമുണ്ട്.