മധ്യപ്രദേശിലും മൃതദേഹങ്ങള്‍ ഒഴുകുന്നു
ലഖ്നോ: മധ്യപ്രദേശിലും മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുകി നടക്കുന്നു. ഉത്തര്‍ പ്രദേശ്, ബിഹാര്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായി പുഴയില്‍ മൃതദേഹങ്ങള്‍ ഒഴുകിനടക്കുന്നത് രാജ്യാന്തര ശ്രദ്ധ നേടിയതിനു പിന്നാലെയാണ് മധ്യപ്രദേശിലും ഞെട്ടിക്കുന്ന സമാന ദൃശ്യങ്ങള്‍ കണ്ടിരിക്കുന്നത്. സംസ്ഥാനത്ത് പന്ന ജില്ലയിലെ റുഞ്ച് നദിയിലാണ് ഒരു ഡസനിലേറെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
വ്യാപകമായി പുഴവെള്ളം ഉപയോഗിക്കുന്ന പ്രദേശമാണിത്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് നാട്ടുകാര്‍.
നന്ദപുര ഗ്രാമത്തില്‍ മാത്രം ആറു മൃതദേഹങ്ങളാണ് പുഴയില്‍ ഒഴുകി നടക്കുന്നത്. കുളിക്കാനും കുടിക്കാനുമുള്‍പെടെ ഇവിടെ ജനം ഉപയോഗിക്കുന്നത് ഈ പുഴയിലെ വെള്ളമാണ്. ഗ്രാമപഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും നടപടികളൊന്നുമല്ലെന്ന് ഗ്രാമവാസികള്‍ പറയുന്നു.
അതേ സമയം, ചില മൃതദേഹങ്ങള്‍ ആചാരങ്ങളുടെ ഭാഗമായി പുഴയിലൊഴുക്കിയതാണെന്ന് പന്ന ജില്ലാ കളക്ടര്‍ സഞ്ജയ് മിശ്ര അറിയിച്ചു. ഇവ കണ്ടെടുത്ത് സംസ്കരിച്ചിട്ടുണ്ട്.
ഉത്തര്‍ പ്രദേശിലും ബിഹാറിലും മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുക്കുന്നത് ഇതുവരെ നിലച്ചിട്ടില്ല. കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം നൂറിലേറെ മൃതദേഹങ്ങളാണ് ഇരു സംസ്ഥാനങ്ങളിലൂടെയും ഒഴുകുന്ന ഗംഗയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.