സുരേന്ദ്രന്റെ മകള്‍ക്കെതിരായ മോശം കമന്റ്; പ്രവാസിക്കെതിരെ പൊലീസ് കേസെടുത്തു
കോഴിക്കോട്: ദേശീയ ബാലികാ ദിനത്തോടനുബന്ധിച്ച്, ബി ജെ പി സംസ്ഥാനാദ്ധ്യക്ഷന്‍ കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ പങ്കുവച്ച മകള്‍ക്കൊപ്പമുളള ചിത്രത്തില്‍ മോശം കമന്റിട്ടയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഖത്തറില്‍ ജോലി ചെയ്യുന്ന അജിനാസ് എന്നയാള്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോഴിക്കോട് ബി ജെ പി ജില്ലാ പ്രസിഡന്റ് വി കെ സജീവന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
സ്ത്രീകളെ സമൂഹ മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന ഇത്തരം സമൂഹവിരുദ്ധര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച രാത്രിയാണ് പരാതി ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു.
സുരേന്ദ്രന്റെ മകളെ അധിക്ഷേപിച്ചതിനും പൊലീസ് കേസെടുക്കാന്‍ വൈകുന്നതിനുമെതിരേ ബി ജെ പി നേതാക്കള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. സുരേന്ദ്രന് പങ്കുവച്ച ചിത്രം ആയിരത്തിലധികം ആളുകള്‍ ഷെയര്‍ ചെയ്യുകയും എണ്ണായിരത്തിലധികം ആളുകള്‍ കമന്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
'എന്റെ മകള്‍, എന്റെ അഭിമാനം' എന്ന കുറിപ്പോടെയാണ് കെ സുരേന്ദ്രന് മകളുമൊത്തുളള ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. അജ്നാസ് അജ്നാസ് എന്നായിരുന്നു മകള്‍ക്കെതിരെ അധിക്ഷേപം നടത്തിയ ഫേസ്ബുക്ക് ഐ ഡി. സംഭവം വിവാദമായതോടെ ഇയാള്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു.