രാജസ്ഥാന് പിന്നാലെ തെലങ്കാനയും ബ്ലാക്ക് ഫംഗസ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചു
ഹൈദരാബാദ്: രാജസ്ഥാന് പിന്നാലെ ബ്ലാക്ക് ഫംഗസിനെ(മ്യൂക്കോര്‍മൈക്കോസിസ്) പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച് തെലങ്കാനയും. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 1897ലെ കര്‍ണാടകയിലെ പകര്‍ച്ചവ്യാധി നിയമത്തില്‍ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത്. രോഗവ്യാപനം കൂടുന്ന പശ്ചാത്തലത്തിലാണ് നടപടി.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചവരുടേയും സംശയിക്കുന്നവരുടേയും റിപ്പോര്‍ട്ട് ദിവസവും സര്‍ക്കാരിന് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. ബ്ലാക്ക് ഫംഗസ് പരിശോധനയും ചികിത്സയും ഐസിഎംആര്‍ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചായിരിക്കും. നിലവില്‍ 80 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
രാജസ്ഥാനില്‍ ബ്ലാക്ക് ഫംഗസ് രോഗബാധ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ചത്. കൊറോണ രോഗികള്‍ക്കുള്ള ചികിത്സയ്ക്കൊപ്പം തന്നെ സമാന്തരമായി 'ബ്ലാക്ക് ഫംഗസ്' ബാധയേറ്റവര്‍ക്കുള്ള ചികിത്സയും ഒപ്പം അവബോധവും തീര്‍ക്കുന്നതിനാണ് പകര്‍ച്ചവ്യാധിയായി ഇതിനെ പ്രഖ്യാപിച്ചതെന്ന് രാജസ്ഥാന് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അഖില്‍ അറോറ അറിയിച്ചിരുന്നു.