കാണാതായ ഇന്തോനേഷ്യന്‍ വിമാനത്തില്‍ 59 യാത്രക്കാര്‍; തെരച്ചില്‍ തുടരുന്നു
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ കാണാതായ വിമാനത്തിനായി തെരച്ചില്‍ തുടരുന്നു. 59 യാത്രക്കാരടങ്ങുന്ന ശ്രീവിജയ എയറിന്റെ ബോയിങ് വിമാനമാണ് കാണാതായത്. വിമാനത്തിലുള്ള 59 യാത്രക്കാരില്‍ അഞ്ച് കുട്ടികളും ഒരു കൈകുഞ്ഞുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജക്കാര്‍ത്തയുടെ വടക്കുഭാഗത്തുള്ള തീരത്ത് വച്ചാണ് ശ്രീവിജയ എയറിന്റെ SJ182 എന്ന വിമാനം റഡാറില്‍ നിന്ന് കാണാതായത്. ജക്കാര്‍ത്തയില്‍ നിന്ന് പറന്നുയര്‍ന്ന് നാലുമിനിറ്റിനുളളിലാണ് വിമാനവുമായുളള റഡാര്‍ ബന്ധം നഷ്ടമായത്. വെസ്റ്റ് കളിമന്ദാന്‍ പ്രവിശ്യയിലെ പൊന്തിയാനകിലേക്ക് പോകുകയായിരുന്നു വിമാനം.
രണ്ട് പെെലറ്റുമാര്‍, നാല് കാബിന് ക്രൂ ജീവനക്കാര്‍ എന്നിവരാണ് വിമാനത്തിലുള്ളതെന്നാണ് ഇന്തോനേഷ്യയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൊക്കാര്നോ-ഹാത്ത വിമാനത്താവളത്തില്‍ നിന്നാണ് ഫ്ലെെറ്റ് ഉയര്‍ന്നുപൊന്തിയത്. 10,000 അടി ഉയരത്തില്‍ നിന്നാണ് വിമാനം കാണാതായത്. വിമാനം തകര്‍ന്നതായി ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ല. അതേസമയം, സമുദ്രത്തില്‍ നിന്ന് വിമാനത്തിന്റേതിന് സമാനമായ ചെറിയ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.