സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. കൊല്ലം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ആറ് പേര്. തൃശൂരില്‍ നാല് പേര്‍ക്കും തിരുവനന്തപുരം കണ്ണൂര്‍ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ രണ്ട് പേര്‍ക്ക് വീതവും എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓരോരുത്തര്‍ക്കും ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീണ്ടും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. അതേസമയം ഇന്ന് ആര്‍ക്കും രോഗം ഭേദമായില്ലെന്നും മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചതില്‍ 21 പേര് വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഏഴ് പേര്‍ക്കും രോഗം കണ്ടെത്തിയപ്പോള്‍ കണ്ണൂരില്‍ ആരോഗ്യ പ്രവര്‍ത്തകയ്ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഇതുവരെ സംസ്ഥാനത്ത് 630 പേര്‍ക്കാണ് കോവിഡ്- 19
സ്ഥിരീകരിച്ചത്. ഇതില്‍ 500 പേര്‍ക്ക് രോഗം ഭേദമായതോടെ നിലവില്‍ ചികിത്സയിലുള്ളത് 130 പേരാണ്.
കേരളത്തില്‍ നിലവില്‍ 67789 പേരാണ് കോവിഡ്-19 നിരീക്ഷണത്തിലുള്ളത്. ഇതില്‍ 67316 പേര് വീടുകളിലും 473 പേര് ആശുപത്രികളിലുമാണ്. ഇന്ന് മാത്രം 127 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 45905 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 44651ഉം രോഗബാധയില്ലായെന്ന് ഉറപ്പാക്കിിയതായും മുഖ്യമന്ത്രി അറിയിച്ചു. സെന്റിനല്‍ സര്വേയിലന്സിന്രെ ഭാഗമായി മുന്‍ഗണന വിഭാഗത്തില്‍ നടത്തിയ 5154 സാമ്പിളുകളുടെ പരിശോധനയില്‍ 5082ഉം നെഗറ്റീവാണ്.
ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തില്‍ വര്‍ധനവ്
സംസ്ഥാനത്ത് കോവിഡ്-19ന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ഹോട്ട്സ്പോട്ടുകളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. ഇന്ന് കൊല്ലം ജില്ലയില്‍ ഒന്നും പാലക്കാട് അഞ്ചും പുതിയ ഹോട്ട് സ്പോട്ടുകള്‍ പ്രഖ്യാപിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട് സ്പോട്ടുകളുടെ എണ്ണം 29 ആയി.