
മാസപ്പടി കേസ്; വീണയ്ക്കും സിഎംആർഎല്ലിനും ആശ്വാസം; SFIO റിപ്പോർട്ടിൽ തുടർനടപടികൾ 2 മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി
മുഖ്യമന്ത്രി പിണറായി വിജയന്റെ മകളുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും കരിമണൽ കമ്പനിയായ സിഎംആർഎലുമായും ബന്ധപ്പെട്ട എസ്എഫ്ഐഒ റിപ്പോർട്ടിന്മേലുള്ള തുടർനടപടികൾ നിർത്തി വയ്ക്കാൻ ഹൈക്കോടതി ഉത്തരവ്. എറണാകുളം അഡീഷണൽ സെഷൻസ് കോടതി മുമ്പാകെയുള്ള കേസിലാണ് 2 മാസത്തേക്ക് തുടർനടപടികൾ തടഞ്ഞ് ജസ്റ്റിസ് ടി.ആർ.രവിയുടെ അവധിക്കാല ബെഞ്ച് ഉത്തരവിട്ടത്. വേനലവധിക്കു ശേഷം കോടതി ചേരുമ്പാഴായിരിക്കും ഇനി ഹർജി പരിഗണിക്കുക. സിഎംആർഎൽ ആണ് സെഷൻസ് കോടതി തീരുമാനം ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിച്ചത്.
സിഎംആർഎൽ എം.ഡി ശശിധരൻ കർത്ത, വീണ വിജയൻ, കമ്പനി ഉദ്യോഗസ്ഥർ അടക്കമുള്ളവരെ പ്രതികളാക്കിയാണ് എസ്എഫ്ഐഒ റിപ്പോർട്ട് സമർപ്പിച്ചിരുന്നത്. ചെയ്യാത്ത സേവനത്തിന് വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജികിന് സിഎംആർഎൽ 2.70 കോടി രൂപയോളം നൽകിയെന്നാണ് എസ്എഫ്ഐഒ കുറ്റപത്രത്തില്‍ പറയുന്നത്. സിഎംആർഎല്ലിൽനിന്നു വിവിധ സ്ഥാപനങ്ങളും രാഷ്ട്രീയ നേതാക്കളും രാഷ്ട്രീയ പാർട്ടികളും ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്കും 133 കോടി രൂപയോളം കൈമാറിയതായി കണ്ടെത്തിയിരുന്നു. ഈ വിഭാഗത്തിലാണ് എക്സാലോജിക്കും ഉൾപ്പെടുന്നത്. കുറ്റപത്രം സ്വീകരിച്ച് സൂക്ഷ്മപരിശോധന നടത്തി നമ്പറിട്ട ശേഷം പ്രതിപ്പട്ടികയിലുള്ളവർക്ക് നോട്ടിസ് അയയ്ക്കാൻ സെഷൻസ് കോടതി നടപടി തുടങ്ങാനിരിക്കെയാണ് ഹൈക്കോടതി ഇടപെടൽ.