അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ; സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്തു
അണ്ടർ 19 ലോകകപ്പിൽ ഇന്ത്യ ഫൈനലിൽ. ആവേശകരമായ സെമിയിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ കലാശപ്പോരിന് ടിക്കറ്റെടുത്തത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 244 റൺസെന്ന ഭേദപ്പെട്ട സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിൽ 48.5 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യത്തിലെത്തി.
മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ദക്ഷിണാഫ്രിക്കയെ ബാറ്റിംഗിനയച്ചു. 76 റൺസെടുത്ത ഓപ്പണർ ല്വാന്‍-ഡ്രേ പ്രിടോറ്യൂസ്, 64 റൺസെടുത്ത റിച്ചാര്‍ഡ് സെലറ്റ്‌സ്വാനെ എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ നേടിക്കൊടുത്തത്. ഒലിവർ വൈറ്റ്ഹെഡ് 22, ക്യാപ്റ്റൻ യുവാൻ ജെയിംസ് 24 എന്നിങ്ങനെയും സ്കോർ ചെയ്തു. ഇന്ത്യയ്ക്ക് വേണ്ടി പേസർ രാജ് ലിംബാനി മൂന്ന് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ ഇന്ത്യ അപ്രതീക്ഷിത ബാറ്റിംഗ് തകർച്ചയാണ് നേരിട്ടത്. 34 റൺസിനിടെ നാല് ഇന്ത്യൻ ബാറ്റർമാർ ഡഗ്ഔട്ടിൽ മടങ്ങിയെത്തി. അഞ്ചാം വിക്കറ്റിൽ ക്യാപ്റ്റൻ ഉദയ് സഹാരാണിനൊപ്പം സച്ചിൻ ദാസ് ഒന്നിച്ചതോടെയാണ് ഇന്ത്യ കരകയറിയത്. 96 റൺസുമായി സച്ചിൻ പുറത്തായപ്പോൾ ഇന്ത്യൻ സ്കോർ 203ൽ എത്തിയിരുന്നു.
അഞ്ചാം വിക്കറ്റിൽ സച്ചിൻ-ഉദയ് സഖ്യം 169 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ പിന്നീട് വന്നവരാരും വിജയലക്ഷ്യത്തിലേക്ക് സ്കോർ ചെയ്തില്ല. പക്ഷേ വിജയം സ്വന്തമാക്കുകയെന്ന ഉത്തരവാദിത്തം നായകൻ ഉദയ് സഹാരണ്‍ മറന്നില്ല. 81 റൺസുമായി സഹാരൺ പുറത്താകുമ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാൻ ഒരു റൺസ് മാത്രം മതിയായിരുന്നു. ക്യാപ്റ്റൻ പുറത്തായതിന് തൊട്ടടുത്ത പിന്തിൽ ഫോർ അടിച്ച് രാജ് ലിംബാനി ഇന്ത്യയെ വിജയിപ്പിച്ചു.
മത്സരത്തിൽ ദക്ഷിണാഫ്രിക്കൻ ബൗളർമാരും ഇന്ത്യ ബാറ്റിംഗിൽ നിർണായകമായി. 23 വൈഡ് ഉൾപ്പടെ 27 എക്സട്രാ റൺസാണ് ദക്ഷിണാഫ്രിക്ക വിട്ടു നൽകിയത്. ട്രിസ്റ്റൻ ലൂസ്, നൊബാനി മൊകേന എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി.