ജമ്മുവില്‍ തുടര്‍ച്ചയായ നാലാംദിവസവും ഡ്രോണ്‍ കണ്ടെത്തി
ജമ്മു: ജമ്മുവില്‍ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. തുടര്‍ച്ചയായ നാലാംദിവസമാണ് ഡ്രോണുകള്‍ കണ്ടെത്തുന്നത്. ഇതോടെ മേഖലയില്‍ സുരക്ഷ ശക്തമാക്കി. കഴിഞ്ഞ നാല് ദിവസത്തിനിടെ ജമ്മുവിലെ സൈനിക മേഖലകളില്‍ ഡ്രോണ്‍ കണ്ടെത്തിയ ഏഴ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ സൈനിക വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ സ്ഫോടനത്തില്‍ രണ്ട് സൈനികര്‍ക്ക് നിസാര പരിക്കേറ്റിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂരക്കും തകരാര്‍ സംഭവിച്ചിരുന്നു.
സ്ഫോടക വസ്തുക്കള്‍ വര്‍ഷിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കുന്നുവെന്നതിനെ അതീവ ഗൗരവത്തോടെയാണ് അധികൃതര്‍ വിലയിരുത്തുന്നത്. വന്‍ സുരക്ഷാ മേഖലകളില്‍ പോലും ഭീഷണി സൃഷ്ടിക്കുന്നവയാണ് ഇത്തരം നീക്കങ്ങള്‍. പാക് അതിര്‍ത്തിക്കപ്പുറത്തു നിന്ന് ഡ്രോണുകളില്‍ തോക്ക് ഉള്‍പ്പെടെ ആയുധങ്ങള്‍ ഇന്ത്യന്‍ മേഖലയിലേക്ക് കടത്തുന്ന സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്.